ജോലിയും ശമ്പളവുമില്ലാതെ വലഞ്ഞ മലയാളി യുവതി നാടണഞ്ഞു
text_fieldsബുറൈദ: ജോലിയോ ശമ്പളമോ ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്ന മലയാളി യുവതി ഖസീം പ്രവാസി സംഘം കുടുംബവേദി പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. എറണാകുളം, അങ്കമാലി സ്വദേശിയായ ലിമിക്കാണ് (25) വനിതാവേദി പ്രവർത്തകർ തുണയായത്. ഏഴുമാസം മുമ്പ് ബുറൈദയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ജോലിക്കെത്തിയതായിരുന്നു ലിമി. നിശ്ചിത കാലാവധിക്കുമുമ്പ് ആരോഗ്യവകുപ്പിന്റെ യോഗ്യത പരീക്ഷയിൽ വിജയിക്കാൻ സാധിക്കാഞ്ഞതിനാൽ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ല.
നാട്ടിലേക്ക് അയക്കാൻ അപേക്ഷിച്ചെങ്കിലും ബന്ധപ്പെട്ട ക്ലിനിക് അധികൃതർ തയാറായില്ല. ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിയ യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. വിവരമറിഞ്ഞ ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക വിഷയത്തിൽ ഇടപെട്ടതാണ് ലിമിക്ക് സഹായകമായത്. നൈസാമിന്റെ നിർദേശത്തെ തുടർന്ന് കുടുംബവേദി പ്രവർത്തകർ ലിമിയെ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.
റിയാദ് ഇന്ത്യൻ എംബസി മുഖേന യാത്രാരേഖകൾ ശരിപ്പെടുത്തി. വിമാന ടിക്കറ്റ് ഖസീം പ്രവാസി സംഘം നൽകിയതോടെ ലിമിക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തുറക്കുകയായിരുന്നു. കുടുംബവേദി പ്രവർത്തകരായ അജീന മനാഫ്, സോഫിയ സൈനുദ്ദീൻ, റാഫിയത്ത് അഷ്റഫ്, സുലക്ഷണ ഭദ്രൻ, നൈസാം തൂലിക, സുൽഫിക്കർ അലി എന്നിവർ ചേർന്ന് യാത്രാരേഖകളും വിമാന ടിക്കറ്റും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.