മലയാളി ഹജ്ജ് തീർഥാടകനെ മക്കയിൽ കാണാതായി
text_fieldsമക്ക: ഹജ്ജ് പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയശേഷം മലയാളി തീർഥാടകനെ കാണാതായി. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനുകീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെയാണ് (72) 14 ദിവസമായി കാണാതായത്.
ഹജ്ജ് പൂർത്തിയാക്കി താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ റൂമിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. റൂമിൽനിന്ന് പോയ സമയത്ത് രേഖകൾ ഒന്നുംതന്നെ എടുത്തിരുന്നില്ല. ഐ.ഡി കാർഡുകളുൾപ്പെടെ എല്ലാം റൂമിൽ തന്നെയുണ്ട്.
രണ്ടു ദിവസത്തിനുശേഷം മക്കയിലെ നുസ്ഹ ഭാഗത്തുവെച്ച് ഒരാൾ കാണുകയും തനിക്ക് ഹറമിലേക്ക് പോകണമെന്നും രണ്ടുദിവസമായി റൂമിൽനിന്ന് പോന്നിട്ടെന്നും തനിക്ക് പെട്ടെന്ന് റൂമിലേക്കുതന്നെ മടങ്ങിപ്പോകണമെന്നും പറഞ്ഞിരുന്നത്രെ. സംസാരത്തിൽ എന്തോ പന്തികേട് തോന്നിയതോടെ, നിങ്ങൾ ഇവിടെ ഇരിക്കൂ; ഞങ്ങൾ എത്തിക്കാം എന്ന് കണ്ടയാൾ പറഞ്ഞു.
എന്നാൽ അപ്പോഴേക്കും ആ ഭാഗത്ത് ചെറിയൊരു ആൾത്തിരക്കുണ്ടാവുകയും അതിനിടയിൽ ആളെ കാണാതാവുകയുമായിരുന്നത്രെ. കാത്തിരുന്ന് മടുത്ത് ഒടുവിൽ ഹജ്ജ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളോടൊപ്പം ഭാര്യയും ഉമ്മയും മദീനയിലേക്ക് പോയിരിക്കുകയാണ്.
മക്കയിലെ വിവിധ ആശുപത്രികൾ, കാണാതാകുന്നവർക്ക് വേണ്ടിയുള്ള കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, ത്വാഇഫിലെ മനോരോഗാശുപത്രി തുടങ്ങി വിവിധയിടങ്ങളിൽ അന്വേഷണം തുടരുകയാണ്. ഇദ്ദേഹം ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു.
സൗദിയിലെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 0555069786 നമ്പറുകളിൽ അറിയിക്കണമെന്ന് മക്കയിലെ സാമൂഹികപ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.