മതിൽ ചാടിക്കടക്കുന്നതിനിടെ വീണ് മലയാളിക്ക് പരിക്ക്
text_fieldsറിയാദ്: മറന്നുവെച്ച താക്കോലെടുക്കാൻ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷിനെ രണ്ടുമാസത്തെ പരിചരണത്തിനുശേഷം നാട്ടിലെത്തിച്ചു. നാലു മാസം മുമ്പാണ് ജിനീഷ് ഹൗസ് ഡ്രൈവർ ജോലിക്കായി റിയാദിലെ എക്സിറ്റ് ഏഴിലുള്ള വീട്ടിൽ എത്തിയത്. സ്പോൺസർ ഗേറ്റ് പൂട്ടി പുറത്തിറങ്ങിയതിനു ശേഷം താക്കോൽ അകത്തുവെച്ചു മറക്കുകയും ഡ്രൈവറായ ജിനീഷിനോട് രണ്ടാൾ പൊക്കമുള്ള മതിൽ ചാടിക്കടന്ന് താക്കോൽ എടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മതിലിൽ കയറിയ ജിനീഷ് കാൽവഴുതി താഴെ വീണ് എല്ലിന് പൊട്ടൽ സംഭവിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും കാലിന് ഓപറേഷൻ വേണ്ടിവന്നു. പ്ലാസ്റ്ററിട്ട് റൂമിൽ റസ്റ്റെടുക്കാൻ ഡോക്ടർ നിർദേശിച്ചു. തനിച്ചു കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ സുഹൃത്തുക്കൾ വഴി കേളി ബദീഅ ഏരിയ പ്രവർത്തകരെ വിവരമറിയിക്കുകയും ജിനീഷിന്റെ സംരക്ഷണ ചുമതല കേളി പ്രവർത്തകർ ഏറ്റെടുക്കുകയുമായിരുന്നു. ജിനീഷിന് വേണ്ട പരിചരണവും താമസസൗകര്യവും ഒരുക്കുകയും സ്പോൺസറുമായി ബന്ധപ്പെട്ട് നാട്ടിൽ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സ്പോൺസറുടെ കൈവശമുണ്ടായിരുന്ന ജിനീഷിന്റെ പാസ്പോർട്ടിൽ സ്പോൺസറുടെ മകൻ പേനകൊണ്ട് വരഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു.പിന്നീട് പുതിയ പാസ്പോർട്ടും അനുബന്ധ രേഖകളും ശരിയാക്കുന്നതിന് രണ്ടുമാസം സമയമെടുത്തു. ഈ കാലയളവിൽ ജിനീഷിന്റെ പരിചരണം പൂർണമായും ബദീഅയിലെ കേളി പ്രവർത്തകർ ഏറ്റെടുത്തു. അവധിക്ക് നാട്ടിൽ വിടാമെന്നേറ്റ സ്പോൺസർ ഒടുവിൽ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയായിരുന്നു. തുടർന്ന് കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വീൽചെയർ സൗകര്യത്തോടെ നാട്ടിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.