ആദ്യ ഉംറ നിർവഹിച്ച നിർവൃതിയിൽ മലയാളി ഹാജിമാർ
text_fieldsമക്ക: പുണ്യഭൂമിയിലെത്തി ആദ്യം ഉംറ നിർവഹിച്ച സന്തോഷത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലെത്തിയ മലയാളി തീർഥാടകർ. ചൊവ്വാഴ്ച മക്കയിലെത്തിയ മുഴുവൻ ഹാജിമാരും ഉംറ പൂത്തിയാക്കി. ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടനാ വളന്റിയർമാരുമാണ് ഹാജിമാരെ ഉംറ നിർവഹിക്കാനായി ഹറമിലെത്തിച്ചത്. അസീസിയയിൽ നിന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസുകളിലാണ് ഹാജിമാർ ഹറമിലെത്തിയത്. നാഥന്റെ വിളിക്ക് ഉത്തരം നൽകാൻ മനസും ശരീരവും പാകപ്പെടുത്തി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടകർ, പ്രാർത്ഥനാ നിർഭരമായ മനസ്സും നിറകണ്ണുകളുമായി ദൈവഗേഹത്തിന്റെ ചാരത്ത് ആദ്യ ചുവടുകൾ വെച്ചു.
യാത്രാക്ഷീണം വകവക്കാതെ ഇഹ്റാം വസ്ത്രമണിഞ്ഞു ചുണ്ടിൽ തൽബിയത്ത് വിളികളുമായി കഅബയെ ചുറ്റി സഫാ, മർവക്കിടയിൽ പ്രയാണം നടത്തി. ഉംറ നിർവഹിച്ച് ജീവിതം സഫലമാതിന്റെ ആത്മനിർവൃതി ഓരോ തീർഥാടകരിലും കാണാമായിരുന്നു. ആദ്യദിനം പല ഹാജിമാരും വഴിയറിയാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വളന്റിയർമാരാണ് ഇവരെ തിരിച്ചു റൂമുകളി ലെത്തിച്ചത്. മലയാളി സന്നദ്ധ സംഘടന വളന്റിയർമാരും മസ്ജിദുൽ ഹറാം പരിസരങ്ങളിലും അസീസിയയിലും സേവനത്തിനു മുഴുസമയവുമുണ്ട്. ജോലിസമയം കഴിഞ്ഞ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ആദ്യ രണ്ടു ദിനങ്ങളിലായി 996 മലയാളി ഹാജിമാർ മക്കയിലെത്തിയിട്ടുണ്ട്. ബുധനാഴ്ച്ച രാത്രിയിലെത്തിയ ഹാജിമാർ അർധരാതിയോടെ ഉംറക്കായി പുറപ്പെട്ടു. 192 വിമാനങ്ങളാണ് ഇന്ത്യയിൽനിന്നും ഹാജിമാരുമായി ഇതിനോടകം സൗദിയിലെത്തിയത്. ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴിയാണ് ഹാജിമാരെത്തുന്നത്. മദീനയിൽ 34,313 ഹാജിമാരും മക്കയിൽ 18,673 ഹാജിമാരുമാണ് ഇതുവരെയെത്തിയത്. എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് തീർഥാടകരെ മക്കയിലെത്തിക്കുന്നത്. ജിദ്ദ വഴിയെത്തുന്ന തീർഥാടകർ ഹജ്ജിനതു ശേഷമായിരിക്കും മദീന സന്ദർശനം പൂർത്തിയാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.