ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിൽ മലയാളി കായിക പ്രതിഭകളെ ആദരിച്ചു
text_fieldsറിയാദ്: കായികരംഗത്തെ നേട്ടങ്ങളിലൂടെ സൗദി അറേബ്യയിൽ ഇന്ത്യൻ അഭിമാനം ഉയർത്തിപ്പിടിച്ച മലയാളി കായിക പ്രതിഭകളെ ഗൾഫ് മാധ്യമം രജതജൂബിലി ആഘോഷമായ ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റി’ൽ ആദരിച്ചു.
സൗദി ദേശീയ ഗെയിംസ് ബാഡ്മിൻറണില് ഹാട്രിക് സ്വര്‍ണ മെഡല്‍ നേട്ടം സ്വന്തമാക്കിയ കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസ, പ്രമുഖ സൗദി ക്ലബ്ബും ലോക സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വന്തം ടീമുമായ അൽ നസ്ർ ക്ലബിലെ ജൂനിയർ ടീമിലേക്ക് ഗോൾ കീപ്പറായി സെലക്ഷൻ നേടിയ മലപ്പുറം ചന്തപ്പറമ്പ് സ്വദേശി മുഹമ്മദ് റാസിൻ എന്നിവർക്ക് ചടങ്ങിൽ മലയാളി ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ പ്രശംസാഫലകം സമ്മാനിച്ചു. ഗൾഫ് മാധ്യമം, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ചടങ്ങിൽ സംബന്ധിച്ചു.
റിയാദിൽ സ്കൂൾ വിദ്യാർഥിയായിരിക്കെ 2022ൽ പ്രഥമ സൗദി ദേശീയ ഗെയിംസിൽ ബാഡ്മിൻറൺ സിംഗിൾസിൽ ഖദീജ നിസ സ്വർണ മെഡൽ നേടിയിരുന്നു. തുടർച്ചയായി ഇതേ നേട്ടം ആവർത്തിച്ചതോടെ ഹാട്രിക് നേട്ടത്തിെൻറ തിളക്കത്തിലാണ് ഈ 19 വയസ്സുകാരി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി ദേശീയ, അന്തർദേശീയ ടൂർണമെൻറുകളിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സ്വർണമടക്കം നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ട് അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ഖദീജ നിസ രണ്ട് സർണ മെഡൽ ഉൾപ്പെടെ 10 മെഡലുകളാണ് നേടിയത്.
15 രാജ്യങ്ങൾ പങ്കെടുത്ത അറബ് ജൂനിയർ ആൻഡ് സീനിയർ ചാമ്പ്യൻഷിപ്പിൽ സൗദിയെ പ്രതിനിധീകരിച്ച് മൂന്ന് മെഡലുകളും നേടി. അടുത്തിടെ റിയാദിൽ നടന്ന ജൂനിയർ അണ്ടർ 19 ബാഡ്മിൻറൺ കിങ്ഡം ടൂർണമെൻറിൽ സിംഗിൾസിലും ഡബിൾസിലുമായി സ്വർണ മെഡലുകളും സ്വന്തമാക്കി.
12 വയസ്സുകാരനായ മുഹമ്മദ് റാസിൻ നിരവധി മത്സരങ്ങളിൽ ഗോൾകീപ്പറെന്ന നിലയിൽ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. അതിനിടെയാണ് അൽ നസ്ർ ക്ലബിലേക്ക് സെലക്ഷൻ കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.