മലയാളി കായികാധ്യാപകൻ റിയാദിൽ മരിച്ചു
text_fieldsറിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായികാധ്യാപകൻ കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38) റിയാദില്‍ നിര്യാതനായി. പത്തുവര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.
നാലുദിവസം മുമ്പാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. കൂടിയ രക്തസമ്മർദ്ദത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രജിയെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും അധികരിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം.
റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്ന പ്രജി മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഒമ്പതിന് കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം മൂന്നിന് കുന്നംകുളത്ത് സംസ്‌കരിക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി സാമൂഹ്യപ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്. ഊരാളി ബാന്‍ഡ് സംഗീതജ്ഞന്‍ സജി ശിവദാസ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.