തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടിയ മലയാളിക്ക് വൻ തുക പിഴ
text_fieldsറിയാദ്: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്നോ തൊഴിലുടമയിൽ നിന്നോ ഒളിച്ചോടുന്നവരും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവരും തൊഴിലുടമക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സൗദി ലേബർ കോടതി ഉത്തരവ്. രോഗിയായ തനിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും സേവനവേതന കരാർ ലംഘിച്ച് അമിതമായി ജോലി ചെയ്യിപ്പിച്ചെന്നും ആരോപിച്ച് തൊഴിലിടത്തുനിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോയ മലയാളി ജീവനക്കാരനെതിരെ റിയാദിലെ സ്വകാര്യ കമ്പനി നൽകിയ പരാതിയിന്മേലുള്ള വാദത്തിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. തൊഴിൽ കരാർ പ്രകാരം അവശേഷിക്കുന്ന കാലയളവിലെ ശമ്പളം (22,300 റിയാൽ) തൊഴിലാളി തൊഴിലുടമക്ക് നഷ്ടപരിഹാരമായി നൽകാനാണ് കോടതി വിധിച്ചത്.
രണ്ടു വർഷത്തേക്കുള്ള തൊഴിൽ കരാർ പ്രകാരം 1,500 റിയാൽ ശമ്പളത്തിന് ഡ്രൈവറായാണ് മലയാളിയായ ഇദ്ദേഹം കമ്പനിയിൽ പ്രവേശിച്ചത്. അമിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പേ ഇദ്ദേഹം കമ്പനിയിൽ നിന്നിറങ്ങി. തൊഴിൽ കരാർ പ്രകാരം ഇനിയും ഒരു വർഷം കൂടി ജോലിയിൽ തുടരേണ്ടതുണ്ട്. ജോലിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ തൊഴിലുടമയെ അറിയിക്കണമെന്നതാണ് തൊഴിൽ കരാറിലുളളത്. അതൊന്നും ചെയ്യാതെ ഒരു ദിവസം ഇദ്ദേഹം കമ്പനിയിൽ നിന്നിറങ്ങുകയായിരുന്നു.
കമ്പനി ആദ്യം ലേബർ ഓഫീസിലും പിന്നീട് ലേബർ കോടതിയിലും ഇദ്ദേഹത്തിനെതിരെ പരാതി നൽകി. യാതൊരു കാരണവും കാണിക്കാതെയാണ് ഇദ്ദേഹം കമ്പനി വിട്ടിറങ്ങിയതെന്നും അതിനാൽ ആർട്ടിക്കിൾ 77 പ്രകാരമുള്ള നഷ്ടപരിഹാരം വേണമെന്നുമാണ് കമ്പനി അഭിഭാഷകൻ മുഖേന കേസ് ഫയൽ ചെയ്തത്. രണ്ട് പ്രാവശ്യം സമൻസയച്ചിട്ടും ഇദ്ദേഹം വാദസമയത്ത് ഹാജരായതുമില്ല. തുർന്ന് ആർട്ടിക്കിൾ 82 പാലിക്കാതെ കമ്പനി വിട്ടിറങ്ങിയതിനാൽ ആർട്ടിക്കിൾ 77 പ്രകാരം തൊഴിൽ കരാറിലെ അവശേഷിക്കുന്ന കാലാവധിയിലെ ശമ്പളം (22,300 റിയാൽ) തൊഴിലാളി കമ്പനിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അപ്പീലിന് പോലും കോടതി അവസരം നൽകിയില്ല. പണം നൽകിയില്ലെങ്കിൽ 10 വർഷത്തെ യാത്രാവിലക്കുണ്ടാവും.
തൊഴിലുടമ അന്യായമായി പിരിച്ചുവിട്ടാൽ തൊഴിലാളിക്ക് തൊഴിൽ കരാർ അവസാനിക്കുന്നത് വരെയുള്ള കാലത്തെ ശമ്പളം നഷ്ടപരിഹാരമായി ചോദിക്കാമെന്ന പോലെ തൊഴിലുടമക്ക് തിരിച്ചും ചോദിക്കാമെന്നാണ് സൗദിയിലെ തൊഴിൽ നിയമം അനുശാസിക്കുന്നത്. തൊഴിൽ കരാറിെൻറ കാലാവധിക്ക് മുമ്പേ ജോലി അവസാനിപ്പിക്കണമെന്നുണ്ടെങ്കിൽ ഖിവ പ്ലാറ്റ്ഫോം വഴി തൊഴിലുടമക്ക് അപേക്ഷ നൽകാനും തൊഴിൽ മന്ത്രാലയം ഇപ്പോൾ സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ തൊഴിൽ നിയമത്തിലെ മാറ്റങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്നും തൊഴിലിടങ്ങളിൽ നിന്ന് അന്യായമായി ഒളിച്ചോടുന്നത് നിയമക്കുരുക്കിലാക്കുമെന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടുന്ന സമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.