മസ്തിഷ്കാഘാതം സംഭവിച്ച മലയാളിയെ നാട്ടിലെത്തിച്ചു
text_fieldsദമ്മാം: മസ്തിഷ്കാഘാതം സംഭവിച്ച് രണ്ടുമാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിലെത്തിച്ചു. അടൂർ കടമ്പനാട് പാകിസ്താൻമുക്ക് നിവാസിയായ സജീവുദ്ദീനെയാണ് ഒരുകൂട്ടം മനുഷ്യ സ്നേഹികളുടെ പ്രയത്നഫലമായി കുടുംബത്തിന്റെ സാന്ത്വനത്തണലിലേക്ക് എത്തിക്കാൻ സാധിച്ചത്. നവയുഗം സംസ്കാരികവേദിയും ഇറാം ഗ്രൂപ്പും കൈകോർത്തതാണ് വഴിയൊരുക്കിയത്.
ദമ്മാമിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സജീവുദ്ദീൻ. രണ്ടരമാസം മുമ്പ് രക്തസമ്മർദം കൂടുതലായതോടെ തലക്കുള്ളിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് മസ്തിഷ്കാഘാതമുണ്ടായി ജോലിസ്ഥലത്ത് ബോധംകെട്ട് വീഴുകയായിരുന്നു.
സ്പോൺസർ ഉടൻ ദമ്മാം സെൻട്രൽ ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലാക്കുകയായിരുന്നു. ചികിത്സയിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ പിന്നീട് ദഹറാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
എങ്കിലും രണ്ടുമാസത്തോളം അബോധാവസ്ഥയിൽ തുടർന്നു. ഈ കാലയളവിൽ ശുശ്രൂഷിച്ചത് ലിൻസി തോമസ്, ഷീബ എന്നീ നഴ്സുമാരായിരുന്നു. സജീവുദ്ദീന്റെ ബന്ധുവും നവയുഗം പ്രവർത്തകനുമായ നിസാർ കടമ്പനാടും എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരുന്നു. അപകടനില കടന്ന സജീവുദ്ദീനെ വാർഡിലേക്ക് മാറ്റി. നാട്ടിൽനിന്ന് നാട്ടുകാരനായ ജോസാണ് സജീവുദ്ദീന്റെ അവസ്ഥയെപ്പറ്റി നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയെ അറിയിച്ചത്.
വാഹിദും ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറും ആശുപത്രിയിലെത്തി നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള സാധ്യത ആരായുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ആശുപത്രി ബില്ലുകളും കിടപ്പുരോഗിയെ നാട്ടിലേക്ക് അയക്കാനുള്ള ചെലവുകൾക്കുംകൂടി വലിയൊരു തുക വേണമായിരുന്നു. സാമ്പത്തികമായി വലിയ സഹായമൊന്നും ചെയ്യാൻ കഴിവില്ലായിരുന്ന സ്പോൺസർ, ഫൈനൽ എക്സിറ്റ് അടക്കമുള്ള എല്ലാ നിയമനടപടികളും ചെയ്തുകൊടുക്കാമെന്നുമാത്രം സമ്മതിച്ചു.
സി.പി.ഐ രാജ്യസഭ എം.പി ബിനോയ് വിശ്വം, ജില്ല നേതാക്കളായ എ.പി. ജയൻ, ജലാൽ എന്നിവരും നവയുഗത്തെ ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചു. സജീവുദ്ദീനെ നാട്ടിലേക്കയക്കാനുള്ള സാമ്പത്തികം കണ്ടെത്താനുള്ള ഉത്തരവാദിത്തം നവയുഗം ജീവകാരുണ്യവിഭാഗം ഏറ്റെടുക്കുകയായിരുന്നു.
എം.എ. വാഹിദ് കാര്യറ, ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളിയുടെ സഹായത്തോടെ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഇറാം കമ്പനി സി.എം.ഡി സിദ്ദീഖ് അഹമ്മദിന്റെ നിർദേശപ്രകാരം സി.ഇ.ഒ അബ്ദുറസാഖും സി.ഒ.ഒ മധു കൃഷ്ണനും ചികിത്സ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധരായി മുന്നോട്ട് വന്നു.
ഒപ്പം നാസർ അൽഹാജരി കമ്പനി മേധാവി ടി.സി. ഷാജിയും ധനസഹായം നൽകുകയുണ്ടായി. ആശുപത്രി ബില്ലുകളും അടച്ച്, ടിക്കറ്റും കൂടെപ്പോകാനുള്ള നഴ്സും അടക്കമുള്ള സംവിധാനങ്ങളും തയാറാക്കിയതോടെ സജീവുദ്ദീനെ നാട്ടിലേക്കയക്കാനുള്ള വഴിയൊരുങ്ങി.
ദാറസ്സിഹ മെഡിക്കൽ സെന്ററിന് കീഴിലുള്ള ഖിമ്മത്ത് അൽസിഹ വിമാനത്താവളത്തിൽ എത്തിക്കുന്നതിനുള്ള ആംബുലൻസും മറ്റ് സഹായങ്ങളും ലഭ്യമാക്കി. ഈ പ്രവർത്തങ്ങൾക്ക് നവയുഗം കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, സാജൻ, ദാസൻ രാഘവൻ എന്നിവർ സഹായത്തിനുണ്ടായിരുന്നു.
ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സജീവുദ്ദീനെ നാട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയ അദ്ദേഹത്തെ തുടർചികിത്സക്ക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സാന്നിധ്യം അദ്ദേഹത്തിന്റെ നില ഏറെ മെച്ചപ്പെടാൻ സഹായിച്ചിട്ടുണ്ടെന്നുള്ള വിവരമാണ് ഇപ്പോൾ നാട്ടിൽനിന്ന് ലഭിച്ചത്.
ഈ ജീവകാരുണ്യപ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും നവയുഗം ജീവകാരുണ്യവിഭാഗം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.