മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് മലപ്പുറം സ്വദേശിനി മരിച്ചു; നാലുപേർക്ക് പരിക്ക്
text_fieldsറിയാദ്: സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാർ മറിഞ്ഞ് യുവതി മരിച്ചു. റിയാദിന് സമീപം ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ.
ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് റൈഹാൻ, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഭാര്യ, ഇവരുടെ കുട്ടി എന്നിവർക്ക് പരിക്കേറ്റു. ഖൈറുന്നിസയുടെ ഭർത്താവ് ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരും കിങ് ഖാലിദ് ആശുപത്രിയിലാണ്.
റിയാദിൽനിന്ന് 70 കിലോമീറ്റർ അകലെ അൽഖർജിന് സമീപം സഹന എന്ന സ്ഥലത്തു നിന്നാണ് ഇരു കുടുംബങ്ങളും സന്ദർശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ്റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ അൽഖർജ് എത്തുന്നതിന് 150 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഖമറുനിസ്സ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുഹമദലി - സീനത്ത് ദമ്പതികളുടെ മകളാണ് ഖമറുന്നിസ. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കൾ കൂടിയുണ്ട്. ഇവർ നാട്ടിലാണ്. സഹനയിൽ ജോലി ചെയ്യുന്ന ഭർത്താക്കന്മാരുടെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ് ഇരു കുടുംബങ്ങളും.
വിസ പുതുക്കണമെങ്കിൽ രാജ്യത്ത് പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ് ഇവർ ദമ്മാം കോസ്വേ വഴി ബഹ്റൈനിൽ പോയി മടങ്ങിയത്. അപകടത്തെ തുടർന്ന് കുടുംബങ്ങളെ സഹായിക്കാനും മൃതദേഹം നടപടിക്രമം പൂർത്തീകരിച്ച് നാട്ടിൽ അയക്കാനും അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.