കളിച്ചൂടിൽ സൗദിയിലെ 'മല്ലു കോർണറു'കൾ
text_fieldsറിയാദ്: മലയാളി ചേക്കേറിയ പ്രവാസ മണ്ണുകളിലെല്ലാം അവരോടൊപ്പം കാൽപന്തിന്റെ കമ്പവും വിമാനം കയറിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലായാലും എത്ര പ്രതികൂല സാഹചര്യത്തിലായാലും മലയാളിക്ക് പന്ത് വിട്ടൊരു കളിയില്ല. അതിനു തെളിവാണ് സൗദിയിൽ മലയാളികൾ കേന്ദ്രീകരിക്കുന്ന മുക്കിലും മൂലകളിലും ലോകകപ്പ് മത്സരങ്ങൾ വലിയ സ്‌ക്രീനുകളിൽ പ്രദർശനങ്ങളും നടക്കുന്നത്.
എല്ലാ ലോകകപ്പ് കാലത്തെയും പോലെ ഇത്തവണയും സജീവമാണ് പ്രവാസത്തിലെ കളിയിടങ്ങൾ. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബത്ഹയിലെ കേരള കോർണർ നഗരഹൃദയത്തിലെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ സഫാ മക്ക ഓഡിറ്റോറിയമാണ്.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയും സഫാ മക്ക മെഡിക്കൽ സെന്ററും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനം കാണാൻ വ്യാഴാഴ്ച വൈകീട്ട് ബത്ഹയിലെത്തിയത് നൂറുകണക്കിന് കളി പ്രേമികളാണ്. കൂട്ടത്തോടെയിരുന്ന് കളി കാണുന്നത് കളിയേക്കാൾ ലഹരി പകരുന്നതാണെന്ന് കിലോമീറ്ററുകൾ താണ്ടിയെത്തിയവർ പ്രതികരിച്ചു.
പ്രവൃത്തി ദിവസമായിട്ടും അർജന്റീന-സൗദി മത്സരത്തിന്റെ പ്രദർശനം നടന്നത് നിറഞ്ഞ ഹാളിലാണ്. സൗദിയുടെ കളിയുണ്ടായിരുന്ന ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ അവധി നൽകാൻ രാജാവിന്റെ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും അത് സർക്കാർ ജീവനക്കാർക്ക് മാത്രമായിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന മലയാളി ഫുട്ബാൾ ആരാധകർ നേരത്തേ അവധിക്ക് അപേക്ഷിച്ചാണ് അർജന്റീനയുടെ കളിക്ക് ഒത്തുകൂടിയത്. സൗദി ടീം കഴിഞ്ഞാൽ ബ്രസീലിനും ഫ്രാൻസിനും അർജന്റീനക്കുമാണ് സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ളത്. പ്രദർശന ഹാളുകളിൽ അന്തരീക്ഷം കൊഴുപ്പിക്കുന്ന ആരോഗ്യകരമായ വാഗ്വാദങ്ങളും കാഴ്ചക്കാർക്ക് ഹരം പകരും കാഴ്ചയാണ്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഒളിയജണ്ടയോടെ നടത്തുന്ന വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞ് ഖത്തറിനൊപ്പം അടിയുറച്ചുനിന്ന് രാഷ്ട്രീയ പക്വത കാണിക്കുകയും വീരവാദങ്ങളില്ലാതെ കളിക്കളത്തിൽ കൂളായി കളിച്ച് കാണികളുടെ മനം കവരുകയും ചെയ്യുന്ന ഫ്രാൻസ് ഈ വർഷം കപ്പിൽ മുത്തമിടുമെന്ന് ഫ്രാൻസ് ആരാധകനും റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ മുഖ്യ രക്ഷാധികാരിയുമായ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
മനോഹരമായ തിരിച്ചുവരവിന്റെ ചരിത്രമുള്ളവരാണ് അർജന്റീനയെന്നും രാജ്യത്തെ നിയമം അനുവദിക്കാത്തതുകൊണ്ട് മാത്രമാണ് മെസ്സിയുടെ കട്ടൗട്ടുകൾ ബത്ഹ നഗരത്തിൽ ഉയരാത്തതെന്നും അർജന്റീനയുടെ കടുത്ത ആരാധകനും ഒ.ഐ.സി.സി നേതാവുമായ സക്കീർ ദാനത്ത് പറഞ്ഞു.ആവേശോജ്ജ്വലമായ പ്രദർശന നഗറിൽ കളിയുടെ വിജ്ഞാനം പകരാൻ ഇടവേളകളിൽ കാണികൾക്കായി പ്രത്യേക പ്രവചന മത്സരങ്ങളും ശരിയുത്തരം പ്രവചിക്കുന്നവർക്ക് സമ്മാനങ്ങളും സംഘാടകർ നൽകുന്നുണ്ട്. ബത്ഹ പരിസരത്ത് തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്യുന്ന അറബ് വംശജരും മലയാളികൾക്കൊപ്പം കളി കാണാനും പറയാനും ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.