മാമുക്കോയ: അനുശോചന പ്രവാഹം
text_fieldsസൗദി മലയാളി സമാജം
ദമ്മാം: നാലു പതിറ്റാണ്ട് മലയാള സിനിമക്ക് അഭിനയത്തികവിന്റെ വിസ്മയങ്ങൾ സമ്മാനിച്ച നടൻ മാമുക്കോയയുടെ നിര്യാണത്തിൽ സൗദി മലയാളി സമാജം അനുശോചിച്ചു. നാട്ടുനന്മകളുടെ പരിശുദ്ധി അഭിനയ മുഹൂർത്തങ്ങളിലേക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ജീവിതഗന്ധികളായിരുന്നു. നമുക്ക് പ്രിയപ്പെട്ട ഒരാൾ എന്നു തോന്നിപ്പിക്കാൻ അഭ്രപാളിയിലും ഒപ്പം ജീവിതത്തിലും അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ഏറെ പ്രധാനം. അദ്ദേഹത്തിന്റെ വിടവാങ്ങൽ മലയാള സിനിമക്ക് കനത്ത നഷ്ടമാണെന്ന് രക്ഷാധികാരി ജേക്കബ് ഉതുപ്, പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ, ട്രഷറർ നജുമുന്നിസ വെങ്കിട്ട എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അനുഭവ മൂശയിൽ വാർത്തെടുക്കപ്പെട്ട നടൻ -സവ
ദമ്മാം: സാധാരണ ജീവിതാനുഭവങ്ങളിൽനിന്ന് കരുത്തുനേടി മലയാള സിനിമയിൽ സ്വന്തം സാമ്രാജ്യം പണിത നടനായിരുന്നു അന്തരിച്ച മാമുക്കോയയെന്ന് സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ (സവ) അനുശോചന സന്ദേശത്തിൽ പറഞ്ഞു. അഭിനയം എന്നത് ജീവിതമാണന്ന് തോന്നിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും മലയാളത്തിന് സമ്മാനിച്ചത്. ജീവിതത്തിൽ അഭിനയം പകർത്താതെ സാധാരണക്കാരനായി അദ്ദേഹം നിലകൊണ്ടു. ഒപ്പം ഒരു കലാകാരന്റെ ദൗത്യങ്ങൾ ഉൾക്കൊണ്ട് സാമൂഹിക തിന്മകൾക്കെതിരെ ശക്തമായ നിലപാടുകളെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം സിനിമക്കും മലയാള സാംസ്കാരിക ലോകത്തിനും കനത്ത നഷ്ടമാണെന്നും സവ എക്സിക്യുട്ടീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രവാസി വെൽഫെയർ
ജുബൈൽ: മലയാളത്തിന്റെ മുതിർന്ന നടൻ മാമുക്കോയയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി അനുശോചിച്ചു. നാടക നടനായി ജീവിതം ആരഭിക്കുകയും സിനിമയിലെ കോഴിക്കോടൻ ഭാഷാ ശൈലിയിലൂടെ മലയാള പ്രേക്ഷക മനസ്സുകളിൽ സ്വന്തമായ ഇടം കണ്ടെത്തുകയും ചെയ്ത ആളാണ് മാമുക്കോയ. സിനിമ നടനായിരിക്കെ തന്നെ പൊതുവിഷയങ്ങളിൽ കൃത്യമായ നിലപാട് ഉയർത്തിപ്പിടിച്ച അപൂർവം കലാകാരന്മാരിൽ ഒരാളായിരുന്നു മാമുക്കോയ എന്ന് കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അബ്ദുൽ കരീം ആലുവ, ജനറൽ സെക്രട്ടറി നിയാസ് കൊടുങ്ങല്ലൂർ എന്നിവർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
കേളി
റിയാദ്: സ്വതഃസിദ്ധമായ അഭിനയശൈലികൊണ്ട് കേരളത്തിലെ ഒരു തലമുറയെ ചിരിപ്പിച്ച പ്രതിഭയാണ് മാമുക്കോയയെന്ന് കേളി കലാസാംസ്കാരികവേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തനതായ കോഴിക്കോടൻ സംഭാഷണ ശൈലിയിലൂടെ മലയാളി പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ച മാമുക്കോയ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്.
അഞ്ഞൂറോളം സിനിമയിൽ അഭിനയിച്ചിട്ടുള്ള മാമുക്കോയക്ക് ഏറ്റവും നല്ല ഹാസ്യനടനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഹാസ്യനടൻ എന്നതിലുപരി ഭാവതീവ്രതയാർന്ന ഒരു പിടി നല്ല കഥാപാത്രങ്ങളും മാമുക്കോയ അവതരിപ്പിച്ചിട്ടുണ്ട്. മാമുക്കോയയുടെ വിയോഗം മലയാള സിനിമാലോകത്തിനും സാംസ്കാരികരംഗത്തിനും കനത്ത നഷ്ടംതന്നെയാണെന്നും സെക്രട്ടേറിയറ്റിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
നവയുഗം
ദമ്മാം: മലയാള സിനിമയില് ഹാസ്യത്തിന്റെ കോഴിക്കോടൻ ശൈലിയുമായി നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടന് മാമുക്കോയയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അനുശോചിച്ചു. മലയാളസിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറിയ അദ്ദേഹം വളരെ സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമയില് തന്റേതായ ഇടം നേടിയെടുത്തു. എന്നും മലയാളികൾ ഓർക്കുന്ന എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഓർമകളിൽ നിറഞ്ഞുനിൽക്കുമെന്നും കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.