സ്വകാര്യമേഖലയിലെ മാനേജർ പദവി: 75 ശതമാനം സ്വദേശിവത്കരണത്തിന് ആലോചന
text_fieldsജിദ്ദ: സൗദിയിലെ സ്വകാര്യ മേഖലയിൽ ഉന്നത മാനേജർ പദവികളിൽ 75 ശതമാനവും സ്വദേശിവത്കരിക്കാൻ ആലോചന. ഇതിനായി തൊഴിൽ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ ശൂറ കൗൺസിൽ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വകുപ്പിൽ ഭേദഗതി വരുത്തുന്നതോടെ സൗദി യുവതീ-യുവാക്കളെ ആകർഷിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും നിശ്ചിത കാലയളവിനുള്ളിൽ അവരെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യാൻ യോഗ്യരാക്കുന്നതിനായി സ്വകാര്യമേഖലയിലെ കമ്പനികൾ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ശൂറ അംഗങ്ങൾ പറഞ്ഞു. വരാനിരിക്കുന്ന ശൂറ കൗൺസിൽ യോഗത്തിൽ ജനറൽ കമീഷൻ ഇതുസംബന്ധിച്ച റിപ്പോർട്ട്
സാമൂഹികകാര്യ, കുടുംബ, യുവജന സമിതിക്ക് നൽകും. ശൂറ കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അൽജർബ, ഫൈസൽ അൽഫാദിൽ, ഗാസി ബിൻസാഗർ, അബ്ദുല്ല അൽഖാലിദി എന്നിവരാണ് നിർദേശം സമർപ്പിച്ചിരിക്കുന്നത്. സ്വകാര്യമേഖലയിലെ ഉന്നത നേതൃസ്ഥാനങ്ങൾ സ്വദേശിവത്കരിക്കേണ്ടതിെൻറ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. പ്രാദേശിക, വിദേശ ബിരുദങ്ങൾ നേടിയ യോഗ്യതയുള്ള സൗദി പൗരന്മാരുടെ ലഭ്യത രാജ്യത്ത് യഥേഷ്ടമുണ്ടെന്നുള്ളതുകൊണ്ടാണ് ഈ നടപടി ആവശ്യമായി വരുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.