സൗദിയിൽ നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ അഞ്ച് ദിവസമാക്കി ചുരുക്കി
text_fieldsജിദ്ദ: സൗദിയിൽ നിലവിലുള്ള ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇനി മുതൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ അഞ്ച് ദിവസങ്ങൾ മാത്രമായിരിക്കും. പുതിയ ഇളവ് ഈ മാസം 23 ന് ഉച്ചക്ക് 12 മണി മുതൽ രാജ്യത്തെത്തുന്നവർക്കായിരിക്കും ബാധകമാവുക.
സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിനുകളിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത് ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ എത്തുന്ന സൗദിയിലെ താമസക്കാരായ പ്രവാസികൾക്കും സന്ദർശകർക്കും അഞ്ച് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഇവർ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. ശേഷം ക്വാറന്റീനിൽ പ്രവേശിച്ച് 24 മണിക്കൂറിനുള്ളിൽ ഒന്നാം ആർ.ടി.പി.സി.ആർ പരിശോധനയും അഞ്ചാം ദിവസം രണ്ടാം പരിശോധനയും പൂർത്തിയാക്കണം.രണ്ടാം പരിശോധനയിൽ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.
നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം വരുന്ന 18 വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ കുത്തിവെപ്പെടുക്കാത്തവർക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഇവരിൽ എട്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് അഞ്ചാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉറപ്പ് വരുത്തണം. എന്നാൽ 18 ഓ അതിനു മുകളിലോ വയസുള്ള ആശ്രിതർക്ക് മറ്റുള്ളവരെപ്പോലെ അഞ്ച് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനും ആർ.ടി.പി.സി.ആർ പരിശോധനകളും ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.