ജീസാനിൽ മാമ്പഴ ഉത്സവം ആരംഭിച്ചു
text_fieldsജിസാൻ: രുചിയിലും വർണത്തിലും ഗന്ധത്തിലും വൈവിധ്യം നിറച്ച് മാമ്പഴങ്ങളുടെ ഉത്സവത്തിന് ജീസാനിൽ തുടക്കം. വിവിധ തരം മാമ്പഴങ്ങളെ പരിചയപ്പെടുത്താനും ആവശ്യക്കാർക്ക് വാങ്ങാനും അവസരമൊരുക്കുന്ന മാമ്പഴോത്സവം ജീസാന് സമീപം സബിയയിലാണ് ഒരുക്കിയത്.
സബിയ കിങ് ഫഹദ് പാർക്കിൽ ജീസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ നാസർ ഉദ്ഘാടനം നിർവഹിച്ചു. 45 തോട്ടങ്ങളിൽനിന്നുള്ള വിവിധ തരം പഴവർഗങ്ങൾ വിവിധ സ്റ്റാളുകളിൽ പ്രദർശനത്തിനുണ്ട്. മാങ്ങക്ക് പുറമെ പപ്പായ, വാഴപ്പഴം, അത്തിപ്പഴം, പേരക്ക തുടങ്ങിയവയുടെ വിവിധ ഇനങ്ങളും ലഭ്യമാണ്.
ജീസാൻ മേഖലയിൽ ഏറ്റവും കൂടുതൽ മാമ്പഴ തോട്ടമുള്ളത് സബിയയിൽ ആണ്. നിലവിൽ 10 ലക്ഷത്തോളം മാവുകളാണ് ജിസാനിലെ വിവിധ തോട്ടങ്ങളിലായി ഉള്ളത്. ഹിന്ദി, സെൻസേഷൻ, തോമി, സുഡാനി, ജിലൻ തുടങ്ങിയവയാണ് പ്രധാന മാമ്പഴ ഇനങ്ങൾ.
1973ലാണ് സൗദി കാർഷിക റിസർച്ച് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി ജീസാനിൽ മാവിൻ തൈകൾ പരീക്ഷണാർഥം നട്ടുതുടങ്ങുന്നത്. ഇത് വിജയിച്ചതോടെ 1983 മുതലാണ് വ്യാവസായികമായി മാമ്പഴ കൃഷി ആരംഭിക്കുന്നത്. ഇന്ത്യ, കെനിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നാണ് തൈകൾ ഇറക്കുമതി ചെയ്ത് നട്ടുപിടിപ്പിച്ചത്. സർക്കാർ സഹായത്തോടെ നിലവിൽ കർഷകർ 600 ടൺ മാമ്പഴമാണ് മേഖലയിൽ ഉൽപാദിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ 300 ദശലക്ഷം റിയാലിന്റെ ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. പവലിയനിൽ ദിവസവും വിവിധ കാർഷിക രീതികൾ പരിചയപ്പെടുത്തുന്ന ക്ലാസുകളും ശിൽപശാലകളും ഉണ്ടാകും. പ്രദർശനം ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.