വംശീയ അതിക്രമങ്ങൾ അവസാനിപ്പിക്കണം -തനിമ
text_fieldsറിയാദ്: മണിപ്പൂരിന് ശേഷം ഹരിയാനയിലും മഹാരാഷ്ട്രയിലും തുടരുന്ന ഫാഷിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്ന് തനിമ കലാസാംസ്കാരിക വേദി റിയാദ് സൗത്ത് സോൺ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടന സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന് സുപ്രീംകോടതി തുറന്നടിച്ചിരിക്കുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ നടന്നത് മുസ്ലിം ഉന്മൂലനമാണെങ്കിൽ മണിപ്പൂരിൽ ക്രിസ്ത്യൻ നിഷ്കാസനമാണെന്ന് മാത്രം. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം ക്രൂരമായ വംശീയാതിക്രമങ്ങൾക്ക് ദിനേന വിധേയമായിക്കൊണ്ടിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മൂന്ന് മുസ്ലിംകളെ മുംബൈ-ജയ്പുർ ട്രെയിനിൽ സി.ആർ.പി.എഫുകാരൻ വെടിവെച്ച് കൊന്നു. മുസ്ലിംകളെ തിരഞ്ഞുപിടിച്ചു കൊന്നതാണെന്ന് വ്യക്തമായിട്ടും ഇന്ത്യയിൽ ജീവിക്കണമെങ്കിൽ യോഗിക്കും മോദിക്കും വോട്ട് ചെയ്യണമെന്ന് ആക്രോശിച്ചിട്ടും അധികൃതരും ദേശീയമാധ്യമങ്ങളും ഈ കൊടും കുറ്റവാളിയെ മനോരോഗിയാക്കി മാറ്റാനുള്ള തകൃതിയായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് പള്ളികൾക്കാണ് തീവെച്ചത്. മുസ്ലിം വംശഹത്യ സാധാരണത്വം കൈവരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ക്രൂരവും പൈശാചികവുമായ ഇത്തരം വംശവെറികൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ ഇതിന് കടിഞ്ഞാണിടണമെന്നും തനിമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. സ്വന്തം പൗരന്മാരുടെ ചോരയിലും കബന്ധങ്ങളിലും ചവിട്ടി അധികാരവും സ്ഥാനമാനങ്ങളും നേടുന്ന പ്രവണതക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലെന്നും ഇത്തരം അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും സംഗമത്തിൽ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോണൽ പ്രസിഡന്റ് തൗഫീഖുറഹ്മാൻ അധ്യക്ഷത വഹിച്ചു. അഷ്റഫ് കൊടിഞ്ഞി പ്രമേയം അവതരിപ്പിച്ചു. ആസിഫ് കക്കോടി, ശിഹാബ് കുണ്ടൂർ, ലത്തീഫ് ഓമശ്ശേരി, ഖലീൽ അബ്ദുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.