സൗദി തൊഴിൽവകുപ്പിന്റെ പുരസ്കാരം നേടിയ മഞ്ജുവിനെയും മണിക്കുട്ടനെയും നവയുഗം അഭിനന്ദിച്ചു
text_fieldsദമ്മാം: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയുടെ തൊഴിൽ മന്ത്രാലയത്തിന്റെ പുരസ്കാരം നേടിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടനെയും കേന്ദ്ര കുടുംബവേദി പ്രസിഡൻറ് പത്മനാഭൻ മണിക്കുട്ടനെയും കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.
ദമ്മാം ലേബർ ഓഫിസിൽ നടന്ന ചടങ്ങിൽ കിഴക്കൻ പ്രവിശ്യ ലേബർ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അബ്ദുറഹ്മാൻ മുഖ്ബിൽ ആണ് മഞ്ജുവിനും മണിക്കുട്ടനും തൊഴിൽവകുപ്പിന്റെ ആദരവ് കൈമാറിയത്. ദമ്മാം ലേബർ ഓഫിസ് ഡയറക്ടർ ഉമൈർ അൽ സഹ്റാനി ഉൾപ്പെടെ ഒട്ടേറെ സൗദി ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി തൊഴിലാളി സമൂഹത്തിന് വേണ്ടി, സൗദി അധികാരികളുമായി ഒത്തൊരുമിച്ച് നടത്തിയ സാമൂഹികസേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് തൊഴിൽമന്ത്രാലയം ആദരവ് നൽകിയത്. തൊഴിൽ, വിസ തർക്കങ്ങളിൽപെട്ട് നിയമകുരുക്കിൽപെട്ട ഒട്ടേറെ പ്രവാസികൾക്ക് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള സഹായം ചെയ്തുകൊടുക്കുകയും ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട പ്രവാസി വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മഞ്ജുവും മണിക്കുട്ടനും നടത്തിയ പരിശ്രമങ്ങൾക്ക് സൗദി അധികൃതർ എന്നും പിന്തുണ നൽകിയിരുന്നു.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഭാഗമായും ഇന്ത്യൻ എംബസിയുമായും സൗദി അധികാരികളുമായും മറ്റു പ്രവാസി സംഘടനകളുമായും സഹകരിച്ചുകൊണ്ട്, ദുരിതത്തിലായ ഒട്ടേറെ പ്രവാസികൾക്ക് സഹായം നൽകാനും നാട്ടിലേക്കയക്കാനും മഞ്ജുവും മണിക്കുട്ടനും നടത്തിയ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് ഈ ആദരവ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.