പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം; മൻസൂർ മാസ്റ്റർ മടങ്ങുന്നു
text_fieldsമൻസൂർ മാസ്റ്റർ ഭാര്യക്കും മക്കൾക്കുമൊപ്പം
ജിദ്ദ: ജിദ്ദ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട അധ്യാപകൻ മൻസൂർ മാസ്റ്റർ പ്രവാസത്തോട് വിടപറയുന്നു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയസുഹൃത്തും മികച്ച സംഘാടകനും കലാസാംസ്കാരിക രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ഉത്തർപ്രദേശ് സീതാപ്പൂരിൽ ജവഹർ നവോദയ വിദ്യാലയത്തിൽ അധ്യാപകനായിരിക്കെയാണ് 2009 ആഗസ്റ്റിൽ അദ്ദേഹം പ്രവാസത്തിലേക്ക് കാലെടുത്തുവെക്കുന്നത്. 13 വർഷം നീണ്ട പ്രവാസത്തിനിടയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒട്ടനവധി ശിഷ്യഗണങ്ങളെ സമ്പാദിച്ച ചാരിതാർഥ്യത്തോടെയാണ് പ്രവാസം മതിയാക്കുന്നത്.
2015 ജൂണിൽ വയനാട് മേപ്പാടി സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ അധ്യാപക നിയമനം ലഭിച്ച അദ്ദേഹം കുറച്ചുകാലം കൂടി കർമപഥം ജിദ്ദയാകാം എന്ന തീരുമാനത്തിൽ ഹയർസെക്കൻഡറി സ്കൂളിൽനിന്നും ലീവ് എടുത്ത് ജിദ്ദയിൽ തുടരുകയായിരുന്നു. ഇന്ത്യൻ സ്കൂളിലെ കലാകായിക രംഗത്തെ മികച്ച സംഘാടകനായ അദ്ദേഹം പ്രവാസി കൂട്ടായ്മകളുടെ പൊതുപരിപാടികളിൽ നിത്യസാന്നിധ്യം കൂടിയായിരുന്നു. വിദ്യാല യത്തിലെ സ്കൗട്ട് മാസ്റ്റർ കൂടിയായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി നേതൃത്വപരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. 50ഓളം വിദ്യാർഥികളെ 2013 ഡിസംബറിൽ സിംലയിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുപ്പിച്ചത് സ്കൂളിന് തന്നെ ഒരു പുത്തൻ അനുഭവമായിരുന്നു. ഹജ്ജ് വേളകളിൽ വിദ്യാർഥികളെ വളന്റിയർമാരായി മക്കയിലേക്ക് കൊണ്ടുപോകുന്നതിനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. ഫാറൂഖ് കോളജിൽനിന്ന് ബി.എ ബിരുദവും ബി.എഡും പൂർത്തിയാക്കി അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽനിന്ന് എം.എ ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടി. യെസ് ഇന്ത്യ ദേശീയ കോഓഡിനേറ്റർ, സിജി റിസോഴ്സ് പേഴ്സൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം കോവിഡ് കാലത്ത് വിദ്യാലയത്തിൽ വിവിധ വെബിനാറുകൾ നടത്തുകയും ആദ്യമായി സ്കൂൾ വിദ്യാർഥികളുടെ പദ്യപാരായണ മത്സരം ഓൺലൈൻ വഴി സംഘടിപ്പിക്കുകയും ചെയ്തു.
അതേ സ്കൂളിൽ തന്നെ അധ്യാപികയായിരുന്ന ഹബീറയാണ് ഭാര്യ. മക്കൾ: ഹിസ മിൻഹ, ഹിഫ്സ മെഹവിഷ്, ഹസ്മിയ മെഹ്ഫ്രിൻ. കോഴിക്കോട് പയ്യോളി സ്വദേശിയാണെങ്കിലും ഔദ്യോഗികജീവിതം വയനാട് ജില്ലയിൽ ആയതിനാൽ വൈത്തിരിയിലാണ് താമസം. നാട്ടിൽ തിരിച്ചെത്തിയ ഉടൻ സ്കൂൾ ജോലിയിൽ പ്രവേശിക്കുമെന്നും സാമൂഹിക, സാംസ്കാരിക രംഗത്ത് നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.