സാമ്പത്തിക മേഖലകളിൽ നിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങൾ
text_fieldsറിയാദ്: ഒന്നര മാസം മുമ്പ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച രാജ്യത്തെ നാലു പ്രത്യേക സാമ്പത്തിക മേഖലകളിൽ (സ്പെഷൽ ഇക്കണോമിക് സോൺ) നിക്ഷേപം നടത്തുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മന്ത്രിമാർ.
റിയാദ്, ജസാൻ, റാസ് അൽ-ഖൈർ, ജിദ്ദയുടെ വടക്കുഭാഗത്തുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ നാല് പ്രത്യേക സാമ്പത്തിക മേഖലകളിൽ നിക്ഷേപം നടത്തുന്നവർക്ക് സ്വദേശിവത്കരണം, മൂല്യവർധിത നികുതി (വാറ്റ്) എന്നിവയിലാണ് ഇളവുള്ളത്. തിങ്കളാഴ്ച റിയാദിൽ നടന്ന പ്രത്യേക സാമ്പത്തിക മേഖലക്കു വേണ്ടിയുള്ള നിക്ഷേപക സംഗമത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ഈ മേഖലകളിൽ നിക്ഷേപിക്കുന്നവർക്ക് രാജ്യം പിന്തുടരുന്ന സൗദിവത്കരണം ബാധകമാവില്ലെന്ന് പ്രഖ്യാപിച്ചത് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽ റാജ്ഹിയാണ്. ആഗോള നിക്ഷേപകർക്ക് അവസരവും മത്സരക്ഷമതയും ഉറപ്പുവരുത്തുന്ന പ്രോത്സാഹനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സൗദികളെ നിയമിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് മാനവ വിഭവശേഷി ഫണ്ടിൽനിന്ന് പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്ത ധനകാര്യ മന്ത്രി, പ്രത്യേക സാമ്പത്തിക മേഖലയിലെ നിക്ഷേപകർക്ക് ആദ്യ 20 വർഷത്തേക്ക് മൂല്യവർധിത നികുതിയായ വാറ്റിൽ ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചു.
ഒപ്പം തൊഴിലുടമക്കുള്ള സോഷ്യൽ ഇൻഷുറൻസ് നികുതിയിലും ഇളവു നൽകും. പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിൽ പ്രവർത്തിക്കുന്ന കമ്പനികൾ തമ്മിലുള്ള ഇടപാടുകളെയും നികുതിയിൽനിന്ന് സ്ഥിരമായി ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഗമം ഉദ്ഘാടനം ചെയ്ത നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, 2022ൽ സൗദി നിക്ഷേപം 31 ശതമാനം വളർച്ച രേഖപ്പെടുത്തി ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചതായി ചൂണ്ടിക്കാട്ടി. സൗദിയിൽ നിക്ഷേപിക്കുന്നതിൽ ആഗോള സ്വകാര്യ മേഖല മുൻനിരയിലാണ്. പ്രതീക്ഷിച്ചതിനപ്പുറമുള്ള സാമ്പത്തിക, വികസന ലക്ഷ്യങ്ങൾ രാജ്യം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. മിഡിലീസ്റ്റ് ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്ന കമ്പനികൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്ന ‘റീജനൽ ഹെഡ്ക്വാർട്ടേഴ്സ് പ്രോഗ്രാം’ പ്രയോജനപ്പെടുത്താൻ നിരവധി അന്താരാഷ്ട്ര കമ്പനികൾ രംഗത്തുവരുന്നത് ശ്രദ്ധേയമാണ്.
ഹരിത വ്യവസായിക അടിത്തറയിലൂന്നിയ ഇലക്ട്രിക് കാർ നിർമാണം, ഹൈഡ്രജൻ ഉൽപാദനം, ചെങ്കടൽ പദ്ധതി, നിയോം എന്നിങ്ങനെയുള്ള പദ്ധതികളിൽ സൗദി അറേബ്യയും വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ദേശീയ ഉൽപാദനത്തിലെ എണ്ണയിതര വരുമാനം 2021ൽ 5.5 ശതമാനമായിരുന്നത് 2022ൽ 17 ശതമാനമായി വർധിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മികച്ചതും ചലനാത്മകവുമായ സമ്പദ് വ്യവസ്ഥയാക്കി സൗദി അറേബ്യയെ മാറ്റാനുള്ള നീക്കങ്ങൾക്ക് കരുത്തു പകരുന്നതാണ് ഇവയെല്ലാമെന്ന് അൽ ഫാലിഹ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.