വ്യാജ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ്; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി കാണാൻ ടിക്കറ്റെടുത്ത നിരവധി പേർക്ക് പണം നഷ്ടമായി
text_fieldsദമ്മാം: ലോക ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ദമ്മാമിലെത്തുന്ന കളിക്ക് ടിക്കറ്റെടുക്കാൻ ശ്രമിച്ച നിരവധി പേർക്ക് പണം നഷ്ടമായി. സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച വ്യാജ ടിക്കറ്റ് ബുക്കിംഗ് ലിങ്കുകൾ യാഥാർത്ഥ്യമാണെന്ന് കരുതി ടിക്കറ്റെടുക്കാൻ ശ്രമിച്ചവരാണ് വെട്ടിലായത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വന്തം ക്ലബ്ബായ 'അൽ നസ്റും', പ്രമുഖ താരനിരയുള്ള ‘ഇതിഫാക്കും’ തമ്മിൽ ശനിയാഴ്ച ദമ്മാം പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിലാണ് മാറ്റുരക്കുന്നത്.
റൊണാൾഡോയുടെ വരവ് കാൽപന്തുകളി പ്രേമികൾക്കിടയിൽ വലിയ ആഹ്ലാദമാണ് സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ മൽസരത്തിന് നേരിട്ട് സാക്ഷികളാകാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ അനവധി പേരാണ് ടിക്കറ്റുകൾ വാങ്ങാൻ ശ്രമിച്ചത്. എന്നാൽ ഇത് മുന്നിൽ കണ്ട് തട്ടിപ്പു സംഘങ്ങൾ വ്യാജ ലിങ്കുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയായിരുന്നു. റൊണാൾഡോ രണ്ട് മാസങ്ങൾക്ക് മുമ്പ് അൽ ഹസയിലെത്തിയപ്പോൾ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുപോയത്. അന്ന് നിരവധി പേർക്ക് ടിക്കറ്റുകൾ ലഭിക്കാതെ പോയി.
അതുകൊണ്ട് തന്നെ ദമ്മാമിൽ നടക്കുന്ന മൽസരത്തിന്‍റെ ടിക്കറ്റുകൾക്ക് വേണ്ടി ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു ഫുട്ബാൾ പ്രേമികൾ. സാധാരണ രീതിയിൽ മാച്ച് നടക്കുന്നതിന് 24 മണിക്കൂർ മുമ്പ് മാത്രമേ ടിക്കറ്റ് ലിങ്കുകൾ തുറക്കാറുള്ളു. അങ്ങനെയിരിക്കെയാണ് ദമ്മാമിലെ മലയാളി കാൽപന്തു കളിക്കാരുടെ കൂട്ടായ്മയായ ‘ഡിഫ’ യുടേതുൾപ്പെടെയുള്ള വാട്സപ്പ് ഗ്രൂപ്പുകളിൽ ടിക്കറ്റിനുള്ള ലിങ്കുകൾ പ്രത്യക്ഷപ്പെട്ടത്. അപ്പോൾ തന്നെ പലരും ടിക്കറ്റുകൾ വാങ്ങാൻ ശ്രമിക്കുകയായിരുന്നു.
ലിങ്ക് തുറന്നപ്പോൾ സാധാരണ ലഭ്യമാകുന്നതുപോലെ കുടുംബങ്ങൾക്കും, ബാച്ചിലേഴ്സിനും ഉൾപ്പെടെ വിവിധ കാറ്റഗറിയിലുള്ള സീറ്റുകളുടെ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതായി പണം നഷ്ടപ്പെട്ട ഡിഫ മുൻ പ്രസിഡന്റ് കൂടിയായ റഫീഖ് കൂട്ടിലങ്ങാടി പറഞ്ഞു. ആദ്യം സീറ്റ് ബുക്ക് ചെയ്യുകയും പിന്നീട് പണം അടക്കുന്നതിനുള്ള ബാങ്കിന്‍റെ പിൻ നമ്പർ സഹിതമുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ പണം ബാങ്കിൽ നിന്ന് ട്രാൻസഫർ ആയെങ്കിലും ടിക്കറ്റുകൾ ലഭിച്ചില്ല. അപ്പോഴാണ് ലിങ്ക് കൂടുതൽ പരിശോധിക്കുന്നത്. അതിൽ കളിയുടെ തിയതി നൽകിയിരിക്കുന്നത് 29 ആണ്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് മറ്റ് പലർക്കും പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഡോളറിലാണ് പണം നഷ്ടപ്പെട്ടതെന്ന് റഫീഖ് പറഞ്ഞു.
നാല് തവണയായി പണം നഷ്ടമായി. ഉടൻ തന്നെ അക്കൗണ്ടിലുണ്ടായിരുന്ന പണം 50 റിയാൽ ഒഴിച്ച് ബാക്കിയെല്ലാം പിൻവലിച്ചു. എന്നാൽ തിരികെ വീട്ടിലെത്തിയപ്പോഴേക്കും ബാക്കിവെച്ച 50 റിയാലും നഷ്ടപ്പെട്ടുവെന്നും റഫീഖ് പറഞ്ഞു. കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനവധി കളിപ്രേമികൾക്ക് ഈ തരത്തിൽ പണം നഷ്ടമായി. ഡിഫയുടേതുൾപ്പെടെയുള്ള ഗ്രൂപ്പുകളിൽ വന്നതിനാൽ ഇതിന്‍റെ വിശ്വാസ്യത ആരും സംശയിച്ചില്ല. പണം നഷ്ടപ്പെട്ട വിവരങ്ങൾ വിവിധ ഗ്രൂപ്പുകളിലൂടെ ആളുകളെ അറിയിച്ചിട്ടുണ്ടെന്നും, സ്പോർട്സ് കൗൺസിലിന്‍റെ പേജിൽ നിന്നല്ലാത്ത ലിങ്കുകൾ വഴിആരും ടിക്കറ്റ് വാങ്ങാൻ ശ്രമിക്കരുതെന്നും ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തിൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.