സാമൂഹികമായി വേദനിപ്പിക്കുന്ന പലതും എഴുതേണ്ടി വരുന്നു -കവി അൻവർ അലി
text_fieldsദമ്മാം: ഭാഷാവാദിയെന്ന നിലയിൽ സാമൂഹിക പ്രതികരണ കലയായി കവിതയെ ഉപയോഗിക്കേണ്ട നിലയിലേക്ക് വർത്തമാന സാമൂഹികാവസ്ഥ തന്നെ വലിച്ചിഴക്കുകയാണെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ അൻവർ അലി. നവോദയ സാംസ്കാരിക വേദിയുടെ ‘ലിറ്റ് ഫെസ്റ്റി’ൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
കവിതകൾ പബ്ലിക് ആർട്ടായി പ്രവർത്തിക്കണം എന്ന ശക്തമായ അഭിപ്രായത്തിലേക്ക് ഈ അവസ്ഥകൾ എന്നെ കൊണ്ടെത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ‘സൊറാബ്ദ്ദീൻ കൊലമാല’യും ‘മെഹ്ബൂബ് എക്സ്പ്രസും’ പോലുള്ള കവിതകൾ ഞാൻ എഴുതുന്നത്. ആ കവിതകൾ ഞാനെഴുതിയതല്ല, മറിച്ച് പുതിയ കാലത്തെ അധികാരകേന്ദ്രങ്ങൾ എന്നെകൊണ്ട് എഴുതിപ്പിക്കുകയായിരുന്നു.
മതം അനുഷ്ടിച്ചാലും ഇല്ലെങ്കിലും മുസ്ലിം സത്വബോധം പേറുന്ന ഓരോരുത്തരും ഈ പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ നിഷ്പക്ഷമതികൾ പോലും ഇത് ആഴത്തിൽ മനസ്സിലാക്കാത്തത് സങ്കടകരമാണെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. എന്നാൽ ഈ അവസ്ഥകൾ സാഹിത്യത്തെ പിന്നോട്ട് വലിക്കുകയല്ല മറിച്ച് മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഇതുമായി മുന്നേറുന്ന മനുഷ്യർ കുഴപ്പത്തിലായേക്കാം.
അതേസമയം സാഹിത്യം ഏറ്റവും ശക്തമായ പ്രതികരണ ഉപാധിയായി മാറും. നാസിസത്തിലും ഫാഷിസത്തിലും എന്തിന് ഇന്ത്യയിലെ അടിയന്തരാവസ്ഥകാലത്തും നമുക്കത് ബോധ്യപ്പെട്ടതാണ്. എന്നാൽ നാസിസകാലത്ത് ചില മുതിർന്ന എഴുത്തുകാരും പ്രതികരണ വാദികളുമൊക്കെ പരോക്ഷമായി അതിനെ പിന്തുണച്ച അവസ്ഥയുണ്ടായിട്ടുണ്ട്.
എന്നാൽ ലോകം ഒരുപാട് തുറന്ന ഈ കാലത്ത് ഇത്തരത്തിൽ ഒളിച്ചുള്ള പിന്തുണകൾ സാധ്യമല്ല. അതേസമയം കലാകാരന്മാർ ചില മാനസിക അസുഖങ്ങളുടെ ഭാഗമായി ചില പ്രലോഭനങ്ങളിൽ പെട്ടുപോകാറുണ്ട്. പക്ഷെ യഥാർഥത്തിലുള്ള എഴുത്ത് എപ്പോഴും ഇതിനെ എതിർത്തുകൊണ്ടിരിക്കും എന്നതാണ് തെൻറ എക്കാലത്തേയും പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പണിയെടുത്തത് മുഴുവനും കവിതയിലാണെങ്കിലും എല്ലാ സങ്കേതങ്ങളും ഉപയോഗിച്ച് ശീലിച്ചതിനാൽ പാട്ടെഴുത്തിെൻറ രൂപപരമായ ഘടന സ്വായത്തമാക്കാൻ അതെന്നെ സഹായിച്ചിട്ടുണ്ട്.
തെൻറ സ്വത്വം രൂപപ്പെട്ട ഗ്രാമജീവിതത്തിെൻറ താളങ്ങൾ പാട്ടിെൻറ താളങ്ങളായി മാറിയിട്ടുണ്ട്. അതിനേക്കാളുപരി ചെറുപ്പക്കാരുമായി ചെലവഴിക്കാനുള്ള തെൻറ ആഹ്ലാദം കൂടിയാണ് തന്നെ പാട്ടെഴുത്തുകാരനാക്കി മാറ്റിയത്. കെട്ടകാലത്ത് അധികം മാനസിക സമ്മർദമില്ലാതെ മക്കളുടെ പ്രായത്തിലുള്ളവരുമായി സാഹിത്യം പങ്കിടുന്നത് വലിയ ആഹ്ലാദമാണ്. വലിയ പാട്ടെഴുത്തുകാരനായി മാറണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത ഒരാളായിരുന്നു ഞാൻ. കോടമ്പാക്കാത്തെ മാർവാടികൾക്ക് സ്വന്തം പ്രതിഭ വിറ്റയാളാണെന്ന് ഒ.എൻ.വിയെ വിമർശിച്ച തനിക്ക് അദ്ദേഹം പാട്ടെഴുതിയ അതേ ഹോട്ടലിൽ ഇരുന്ന് പാട്ടെഴുതേണ്ടി വന്നിട്ടുണ്ട്.
തെൻറ ചെറുപ്പത്തിലേയുള്ള വാശി തെറ്റായിരുന്നുവെന്നും അത് ആശയപരമായ മുൻവിധിയായിരുന്നുവെന്നുമുള്ള തിരിച്ചറിവ് കൂടിയാണ് പാട്ടെഴുത്തുകാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കവിതക്ക് ആത്മനിഷ്ഠത കൂടുതലാണ്. കവിയെന്നുള്ള ഒരാളുടെ ജീവിതം തുടങ്ങുന്നത് അയാളുടെ മരണശേഷമാണ്. പലപ്പോഴും ചില ആശയങ്ങളുടെ ഉള്ളിൽ കയറിയാൽ അത് നമ്മളെ മുന്നോട്ട് കൊണ്ടുപോകും.
ചിലപ്പോൾ അത്ഭുതകരമായി ഭാഷ കൃത്യമായ ചില വാക്കുകൾ കൊണ്ടുവന്ന് ഇട്ടുതരും. എഴുതിക്കഴിഞ്ഞാൽ നിങ്ങൾ നിശിതമായ വായനക്കാരനായി മാറണം. അങ്ങനെയാണ് ചില കവിതകളിലെ അത്ഭുതങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സമൂഹത്തിൽ നടക്കുന്നതിനെക്കുറിച്ചെല്ലാം പ്രതികരിക്കേണ്ടവരല്ല എഴുത്തുകാർ. മനുഷ്യരുടെ എല്ലാ വികാരങ്ങളും പേറുന്നവരാണ് അവരും.
അതേസമയം അവസാനത്തെ ദിവസം നെഞ്ചിൽ കൈവെച്ച് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം എന്നതാണ് പ്രധാനം.സൗദിയിൽ ആദ്യമായാണ് എത്തുന്നതെന്നും രാജ്യത്തെ പുതിയ മാറ്റങ്ങൾ തന്നെ ആഹ്ലാദിപ്പിക്കുന്നുവെന്നും ഇവിടുത്തെ ചിരിത്രവഴികളിലുടെ സഞ്ചരിക്കാൻ താൻ ഇനിയുമെത്തുമെന്നും അൻവർ അലി പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.