വിവാഹ ആഭാസങ്ങൾ അരുത്
text_fieldsമനുഷ്യന്റെ സാമൂഹികജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍, അതിലളിതമായും നടത്തേണ്ട വിവാഹകർമങ്ങള്‍ ആർഭാടങ്ങളുടെയും ആഭാസങ്ങളുടെയും സർവസീമകളും ലംഘിക്കുന്നതരത്തിലേക്ക് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.
ഗൾഫ് പണത്തിന്റെയും കമ്പോളവത്കരണത്തിന്റെയും പളപളപ്പുകൾ കാരണം ധൂർത്തും പൊങ്ങച്ചവും ആർഭാടങ്ങളുമായി വിവാഹങ്ങൾ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷദിനങ്ങളായി അരങ്ങുതകർത്തുകൊണ്ടിരിക്കുന്നു.
വളരെ പവിത്രമായരീതിയിൽ നടക്കേണ്ട വിവാഹച്ചടങ്ങുകള്‍ കുടുംബങ്ങളെ മാത്രമല്ല, നാടിനെയും നാട്ടുകാരെയും മൊത്തം പരിഹാസ്യരാക്കുന്ന രീതിയിലുള്ള ആഭാസത്തരങ്ങളും അറുവഷളൻ കോമാളിവേഷങ്ങളുടെയും രംഗങ്ങളാണ് തത്സമയം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
വിവാഹസദ്യയിൽ ഏതെങ്കിലും ഒരു ചെറിയയിനം യാദൃച്ഛികമായി ചിലര്‍ക്ക് കിട്ടാതെവരുമ്പോഴേക്കും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിക്കുന്ന കല്യാണവിശേഷങ്ങളും നിരവധി.
അതിനാല്‍ മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെയും ആഭാസത്തരങ്ങള്ക്കെതിരെയുമുള്ള ബോധവത്കരണങ്ങള്‍ കേവലം നിക്കാഹ് സമയത്ത് നടത്തുന്ന ലഘുപ്രഭാഷണങ്ങളില് മാത്രം ഒതുക്കാതെ ക്ലബുകള്‍, മത, രാഷ്ട്രീയ- സാംസ്കാരിക സംഘടനകള്‍, യുവജനകൂട്ടായ്മകള്‍ എന്നിവരുടെ സഹകരണത്തോടെ ശക്തമായ ജനകീയ ബോധവത്കരണങ്ങള്‍ അനിവാര്യമായിരിക്കുന്നു.
അതോടൊപ്പം വിവാഹത്തോടനുബന്ധിച്ച് നടത്താറുള്ള നിശ്ചയംപോലുള്ള ചർച്ചകളിലും മറ്റും ഇരുകൂട്ടരും യോജിച്ചൊരു തീരുമാനത്തിലെത്തുകയും ചെയ്താല്‍ മാത്രമേ സ്വകാര്യമായ ചടങ്ങായാലും വിവാഹത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന നവജീർണതകൾക്ക് കടിഞ്ഞാണിടാൻ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.