പെണ്ണിന്‍റെ ആത്മസംഘർഷങ്ങൾ വരച്ച് മറിയം അൽ ഷംലാവി
text_fieldsദമ്മാം: പെൺമയുടെ ആത്മസംഘർഷങ്ങളും സ്വപ്നങ്ങളും നിറംചാലിച്ചെഴുതിയ ചിത്രങ്ങളുമായി യുവചിത്രകാരിയുടെ പ്രദർശനത്തിന് ദമ്മാമിൽ തുടക്കം. സൊസൈറ്റി ഫോർ കൾച്ചറൽ ആൻഡ് ആർട്സ് ഹാളിൽ ഖത്വീഫ് സ്വദേശിനി മറിയം അൽഷംലാവിയുടെ ചിത്രപ്രദർശനമാണ് ആരംഭിച്ചത്. ഡോ. നുഹാദ് അൽ ജീഷി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ജീവിതാനുഭവങ്ങളുടെ വർണങ്ങളാണ് മറിയത്തിന്‍റെ ചിത്രങ്ങളിൽ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശനം ഏഴുദിവസം നീണ്ടുനിൽക്കും. ഓർമവെച്ച കാലം മുതൽ താൻ ചിത്രങ്ങൾ വരച്ചിരുന്നതായി മറിയം പറഞ്ഞു. ചെറുപ്പത്തിൽ സമ്മാനമായി കിട്ടിയിരുന്നത് അധികവും വർണപെൻസിലുകളായിരുന്നു. പക്ഷേ, കോളജ് പഠന കാലത്താണ് ചിത്രംവര ഗൗരവമായി മാറിയതെന്നും അവർ പറഞ്ഞു.
സ്ത്രീ മനസ്സുകളുടെ ആത്മപ്രകാശനമാണ് ചിത്രപ്രദർശനത്തിലെ പൊതുവിഷയമെന്ന് മറിയം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സൗദിയിൽ സ്ത്രീകൾ എല്ലാ അർഥത്തിലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം, അവളുടെ ആത്മഭാവങ്ങളെ അറിയേണ്ടവർ തിരിച്ചറിയാതെപോകാറുണ്ടെന്നും അവർ പറഞ്ഞു. അവളുടെ സങ്കടങ്ങളും സ്വപ്നങ്ങളും ഒറ്റപ്പെടലും ഭീതിയും സ്നേഹവും പ്രതീക്ഷകളും പ്രണയവും മോഹവുമെല്ലാം താൻ അറിഞ്ഞ ഭാവങ്ങളെ അതുപോലെ പകർത്തുകയായിരുന്നു. ഈ ഭാവങ്ങളെ കൃത്യമായി വരഞ്ഞുവെക്കാൻ അക്രിലിക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
ഖത്വീഫിലെ ക്ലിനിക്കിൽ അഡ്മിനിസ്ട്രേഷൻ മാനേജറായ മറിയം അൽ ഷംലാവിക്ക് ജോലിയുടെ സംഘർഷങ്ങളിൽനിന്നുള്ള രക്ഷപ്പെടലാണ് ചിത്രംവര. അതിന് പ്രത്യേക സമയമൊന്നും താൻ കണ്ടെത്താറില്ലെന്നും പലപ്പോഴും ഉറക്കത്തിൽനിന്നുണർന്ന് പാതിരാത്രികളിലും ചിത്രരചനയിൽ ഏർപ്പെടാറുണ്ടെന്നും മറിയം പറഞ്ഞു. സൊസൈറ്റി ഫോർ കൾച്ചറൽ ആൻഡ് ആർട്സിൽ യുവപ്രതിഭകളുടെ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത് അവർക്ക് വിപുലമായ സാധ്യതകൾ തുറന്നുനൽകുമെന്ന് ഡയറക്ടർ യൂസുഫ് അൽഹർബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.