ഒളിമ്പിക്സിൽ സൗദിയുടെ ആദ്യ മുഖമായി മഷായേൽ അൽ അയ്ദ്
text_fieldsദമ്മാം: സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത് വനിത നീന്തൽ താരം മഷായേൽ മെഷാരി അൽ അയ്ദ് ചരിത്രത്തിൽ ഇടംപിടിച്ചു. ഞായറാഴ്ച നടന്ന 200 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ സ്വർണ പ്രതീക്ഷയുമായി നീന്താനിറങ്ങിയ ഈ കൗമാരക്കാരിക്ക് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ചരിത്രപരമായ ഈ വ്യക്തിഗത റെക്കോഡിലൂടെ രാജ്യത്തിന്റെ മുഖം തന്നെയായി മാറി. ഈ 17 കാരി അന്താരാഷ്ട്ര വേദികളിൽ സൗദിയുടെ പ്രതീക്ഷയുമായി മാറുകയാണ്.
പാരിസിൽ നടന്ന നീന്തൽ മത്സരത്തിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ കൃശഗാത്രിയിൽ കേന്ദ്രീകരിക്കുകയായിരുന്നു. 2018 മുതൽ സൗദിയുടെ വിവിധ മേഖലകളിൽ വനിതകളുടെ മുന്നേറ്റം തുടരുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് സൗദിയിൽനിന്ന് നീന്തൽ മത്സരത്തിൽ വനിതതാരം പങ്കെടുക്കുന്നത്. 10 അത്ലറ്റുകളാണ് ഇത്തവണ പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. അതിൽനിന്ന് ആദ്യമായി ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങിയതും മഷായേൽ അൽ അയ്ദ് ആണ്. ഇതും ലോക കായിക മാമാങ്കത്തിൽ മാറ്റുരക്കുന്ന ആദ്യ സൗദി വനിത എന്നതും പുതിയ ചരിത്രരചനയായി. 2024ൽ യു.എ.ഇയിൽ നടന്ന ആദ്യ ഗൾഫ് യൂത്ത് ഗെയിംസിൽ പങ്കെടുത്ത് നീന്തലിൽ വനിത മെഡൽ നേടുന്ന ആദ്യത്തെ സൗദി താരമായി മഷായേൽ അൽ അയ്ദ് നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാരിസ് ഒളിമ്പിക്സിലെ മഷായേലിന്റെ സാന്നിധ്യത്തെ രാജ്യം ഏറെ ആവേശപൂർവമാണ് ആഘോഷിച്ചത്. അമേരിക്കയിലെ സൗദി എംബസി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വിശേഷിപ്പിച്ചത് ‘മഷായേൽ നീ ചരിത്രമാകുന്നു’ എന്നായിരുന്നു.
കായിക താരമായ പിതാവാണ് മഷായേലിനെ കായിക മേഖലയിലേക്ക് ആനയിച്ചത്. മത്സരങ്ങളിൽ അസാമാന്യ പ്രതിഭ പ്രകടിപ്പിക്കുന്ന ഈ പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കാൻ ഇതിഫാക് ക്ലബ് മുന്നോട്ട് വരുകയായിരുന്നു. 200 മീറ്റർ ഫ്രീസ്റ്റൈലിൽ പുതിയ റെക്കോഡ് സ്ഥാപിക്കുക എന്നതായിരുന്നു പാരിസ് ഒളിമ്പിക്സിലെ തന്റെ ലക്ഷ്യമെന്നും അത് സാധ്യമായിരിക്കുന്നു എന്നും മഷായേൽ പറഞ്ഞു. വ്യക്തിഗത സമയത്തിൽ റെക്കോഡ് നേടാനും മഷായേലിന് കഴിഞ്ഞിട്ടുണ്ട്.
ഇതോടെ 2028 ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിന് യോഗ്യത നേടി. അവിടെ താൻ സ്വർണം നേടുക തന്നെ ചെയ്യുമെന്ന് മഷായേൽ ആത്മവിശ്വാസത്താടെ പ്രതികരിച്ചു. സൗദി അറേബ്യയിലെ വനിത കായികവിനോദങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് മത്സരശേഷം അവർ പറഞ്ഞു. വനിത നീന്തൽ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിനും ടൂർണമെൻറുകളിൽ പങ്കെടുക്കുന്നതിനുമുള്ള ഫെഡറേഷന്റെ ശ്രമങ്ങൾക്കും അവരുടെ സംരംഭങ്ങൾക്കും മഷായേൽ നന്ദി പറഞ്ഞു. ഭാവിയിൽ കൂടുതൽ പെൺകുട്ടികൾ പങ്കെടുക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.