ഹറമുകളിൽ പൂർണ തോതിൽ വിശ്വാസികളെ പ്രവേശിപ്പിച്ച് തുടങ്ങി, സാമൂഹിക അകലത്തിനുള്ള സ്റ്റിക്കറുകൾ മാറ്റി
text_fieldsജിദ്ദ: മക്കയിലെയും മദീനയിലെയും ഹറമുകളിൽ വിശ്വാസികളെ പൂർണ തോതിൽ പ്രവേശിപ്പിച്ച് തുടങ്ങി. ഇരു പള്ളികളിലെയും ഉൾക്കൊള്ളൽ ശേഷിക്ക് അനുസരിച്ച് മുഴുവനാളുകളെയും ഇന്ന് രാവിലെ മുതലാണ് പ്രവേശിപ്പിച്ചത്. കോവിഡ് മാനദണ്ഡ പ്രകാരമുള്ള സാമൂഹിക അകല നിബന്ധന പൂർണമായും പിൻവലിച്ചു. ഇരു ഹറമുകൾക്കുള്ളിലും അങ്ങനെ സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ച് നിശ്ചിത അകലം നിശ്ചയിച്ച് ഒട്ടിച്ചിരുന്ന സ്റ്റിക്കറുകൾ മുഴുവൻ നീക്കം ചെയ്തു.
രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് ഏർപ്പെടുത്തിയ ആരോഗ്യമുൻകരുതൽ നിയന്ത്രണങ്ങൾ ഒന്നര വർഷത്തിന് ശേഷം ലഘൂകരിക്കുകയാണ്. ഇതിെൻറ ഭാഗമായാണ് സാമൂഹിക അകല പാലന ചട്ടം ഒഴിവാക്കിയതും ഉൾക്കൊള്ളൽ ശേഷിക്ക് അനുസരിച്ച് മുഴുവനാളുകളെയും പ്രവേശിക്കാൻ അനുവദിച്ചതും. കൂടുതൽ പേർക്ക് ത്വവാഫ് ചെയ്യാൻ സാധിക്കുന്നതിനായി മക്ക മസ്ജിദുൽ ഹറാമിൽ കഅ്ബയോട് ചേർന്ന് ചുറ്റും സ്ഥാപിച്ച പ്ലാസ്റ്റിക് ബാരികേഡുകളും നീക്കം ചെയ്തിട്ടുണ്ട്.
ഇരുഹറമുകളുടെയും പൂർണ ശേഷിയിൽ തീർഥാടകരെയും നമസ്കരിക്കാനെത്തുന്നവരെയും സ്വീകരിക്കാൻ ഞായറാഴ്ച പ്രഭാത നമസ്കാരം മുതലാണ് നടപടി ആരംഭിച്ചത്. നമസ്കാര വേളയിൽ സാമൂഹിക അകലം പാലിക്കുന്ന രീതി പൂർണമായും മാറ്റി. ഇത്തരം നിയന്ത്രണങ്ങളും നിബന്ധനകളും പാലിക്കാൻ ആവശ്യപ്പെട്ട് മസ്ജിദുൽ ഹറാമിൽ പതിച്ചിരുന്ന മുഴുവൻ സ്റ്റിക്കറുകളും നീക്കം ചെയ്തതായി ക്രൗഡ് മാനേജ്മെൻറ് വകുപ്പ് അണ്ടർ സെക്രട്ടറി എൻജി. ഉസാമ ബിൻ മൻസുർ ഹുജൈലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.