കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി: ഹറമുകളിൽ ജുമുഅക്ക് ലക്ഷങ്ങളെത്തി
text_fieldsജിദ്ദ: മക്ക, മദീന ഹറമുകളിൽ വിശ്വാസികളെ പൂർണ തോതിൽ പ്രവേശിപ്പിക്കാനുള്ള നിയമം നടപ്പായ ശേഷമുള്ള ആദ്യ ജുമുഅ നമസ്കാരത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ ലക്ഷങ്ങൾ പെങ്കടുത്തു. കോവിഡിനെ തുടർന്ന് മക്ക ഹറമിൽ പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കം ചെയ്ത് നിശ്ചിത ആളുകൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇക്കഴിഞ്ഞ ദിവസം മുതൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വിശ്വാസികളെ ഇരുഹറമുകളിലും പൂർണതോതിൽ പ്രവേശിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനമുണ്ടായത്. ഇതേ തുടർന്ന് ഞായറാഴ്ച മുതൽ നമസ്കാര വേളയിൽ സ്വഫുകൾക്കിടയിലെ സാമൂഹിക അകലം പാലിക്കൽ നിബന്ധന എടുത്തുകളയുകയും ഇരുഹറമുകളിലും നമസ്കാരത്തിന് പൂർണ തോതിൽ വിശ്വാസികൾക്ക് പ്രവേശനം നൽകുകയും ചെയ്തിരുന്നു.
കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ സ്വദേശികളും വിദേശികളും ഉംറ തീർഥാടകരുമായ ലക്ഷങ്ങളാണ് ജുമുഅ നമസ്കാരം നിർവഹിച്ചത്. കോവിഡിനെ തുടർന്ന് മുൻകരുതലന്നോണം ഒന്നര വർഷത്തോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്രയും ആളുകൾ ജുമുഅക്കെത്തുന്നത്. ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു.
കൂടുതൽ ആളുകൾ ജുമുഅക്ക് എത്തുന്നതിനാൽ ഹറമിലെ 50 കവാടങ്ങൾ തുറക്കുകയും പ്രവേശന കവാടങ്ങളിൽ ആളുകൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ആരോഗ്യ മുൻകരുതൽ ഉറപ്പുവരുത്താൻ കൂടുതൽ പേരെ നിയോഗിക്കുകയും ചെയ്തിരുന്നു. ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജുമുഅ നമസ്കരിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹറമിനകവും പുറവും ദിവസവും 10 തവണ ശുചീകരിക്കുന്നതിനും അണുമുക്തമാക്കുന്നതിനും പുരുഷന്മാരും സ്ത്രീകളുമായി 4,000 തൊഴിലാളികളെ നിശ്ചയിച്ചിരുന്നു. സംസം വിതരണത്തിനും ശുചീകരണ ജോലികൾക്കും കാർപ്പെറ്റുകൾ ഒരുക്കുന്നതിനും കൂടുതൽ പേരെ നിയോഗിച്ചിരുന്നു. ജുമുഅക്കിടയിൽ വിതരണത്തിനായി 50,000 കുപ്പി സംസം ഒരുക്കി. ഒരു ലക്ഷം ലിറ്റർ സംസം ജലം നിറച്ച കണ്ടെയ്നറുകൾ സ്ഥാപിക്കുകയും ചെയ്തു.
മദീനയിലെ മസ്ജിദുന്നബവിയിലും സ്വദേശികളും വിദേശികളും സന്ദർശകരുമായി ലക്ഷങ്ങളാണ് ഇന്നലെ ജുമുഅ നമസ്കരിച്ചത്. മസ്ജിദുൽ ഹറാമിൽ ഡോ. മാഹിർ അൽമുഅയ്ഖിലിയും മസ്ജിദുന്നബവിയിൽ ശൈഖ് അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽബുഅയ്ജാനുമാണ് ജുമുഖ ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകിയത്. വെള്ളിയാഴ്ച ഇരുഹറമുകളിലെത്തുന്നവർക്ക് ജുമുഅ നമസ്കരിക്കാൻ മുഴുവൻ നമസ്കാര സ്ഥലങ്ങളും ഒരുക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യാഴാഴ്ച നിർദേശം നൽകിയിരുന്നു. ഇരുഹറമുകളിൽ വിശ്വാസികളെ പൂർണ തോതിൽ പ്രവേശിക്കാനുള്ള തീരുമാനം വന്ന ശേഷമുള്ള ആദ്യ ജുമുഅ ആണ്. എല്ലാ സേവനങ്ങളും ഒരുക്കുകയും സേവനങ്ങളുടെ മേന്മ ഉറപ്പുവരുത്തുകയും വേണമെന്ന് ഇരുഹറം കാര്യാലയ മേധാവി ആവശ്യപ്പെട്ടിരുന്നു. ഇൗ അവസരം മഹത്തരമാണെന്നും കോവിഡിനു ശേഷം ദൈവത്തിൽ നിന്നുള്ള ആശ്വാസമാണിതെന്നും ഇരുഹറം കാര്യാലയ മേധാവി സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.