കർശന നിയന്ത്രണങ്ങളോടെ സൗദിയിൽ പള്ളികൾ തുറന്നു
text_fieldsജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ രണ്ട് മാസത്തിലധികമായി അടഞ്ഞുകിടന്ന സൗദി അറേബ്യയിലെ മുഴുവൻ പള്ളികളും തുറന്നു. ഞായറാഴ്ച പ്രഭാത നമസ്കാരത്തോടെയാണ് വിശ്വാസികൾക്കായി ആരാധനാലയങ്ങളുടെ കവാടങ്ങൾ തുറന്നത്. പള്ളികൾ തുറക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം മതകാര്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് പള്ളികളിൽ ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂർത്തിയാക്കിയത്.
രാജ്യത്തെ 98800ലധികം പള്ളികളാണ് പ്രാർഥനക്കായി തുറന്നത്. മുഴുവൻ പള്ളികളും അണുമുക്തമാക്കിയും ശുചീകരിച്ചുമാണ് തുറന്നുകൊടുത്തിരിക്കുന്നത്. മദീനയിലെ മസ്ജിദുന്നബവിയും ഇതിലുൾപ്പെടും.
കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടിയായി മാർച്ച് 20 മുതലാണ് മസ്ജിദുന്നബവിയിലേക്ക് പുറത്തുനിന്ന് ആളുകൾ നമസ് കാരത്തിനെത്തുന്നതിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. കർശന ആരോഗ്യ മുൻകരുതൽ പാലിച്ചാണ് നമസ്കരിക്കുന്നവരെ പള്ളികളിലേക്ക് കടത്തിവിടുന്നത്.
നമസ്കരിക്കാനെത്തുന്നവരും പള്ളി ജീവനക്കാരും പാലിക്കേണ്ട ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ കഴിഞ്ഞദിവസം മതകാര്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് മസ്ജിദുന്നബവിയടക്കം ഒരോ പള്ളികളിലും ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചവരെയാണ് അകത്തേക്ക് കടത്തിവിട്ടത്. കുട്ടികൾക്ക് പ്രവേശനം നൽകിയില്ല. സമൂഹ അകലം പാലിച്ചാണ് നമസ്കാരങ്ങൾ നടന്നത്.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ സുബ്ഹി നമസ്കരിക്കാരത്തിൽ പെങ്കടുത്തു. മസ്ജിദുന്നബവിയിൽ നമസ്കരിക്കാനെത്തുന്നവരെ പരിശോധിക്കാൻ ആരോഗ്യ, റെഡ്ക്രസൻറ് ഉദ്യോഗസ്ഥൻമാർ രംഗത്തുണ്ടായിരുന്നു. സ്വയം അണുമുക്തമാക്കൽ മെഷീനുകൾ, തെർമോ കാമറകളടക്കമുള്ള സംവിധാനങ്ങൾ കവാടങ്ങളിൽ സ്ഥാപിച്ചു.
ശരീരോഷ്മാവ് പരിശോധിക്കാനും ആളുകളെ നിയോഗിച്ചിരുന്നു. മസ്ജിദുന്നബവിയിൽ ഇമാം ശൈഖ് അലി അൽഹുദൈഫി സുബ്ഹി നമസ്കാരത്തിന് നേതൃത്വം നൽകി. നമസ്കാരത്തിനുശേഷം പളളിയിലെത്തിയവരെ അദ്ദേഹം അഭിസംബോധന ചെയ്തു. പള്ളികളിൽ നമസ്കാരം തുടങ്ങാനായതിൽ ആളുകളെ അഭിനന്ദിച്ചു.
ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. കോവിഡ് പ്രതിസന്ധിയെ രാജ്യം കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മസ് ജിദുന്നബവി ഇമാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.