ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കേന്ദ്രമാണ് മക്കയിലെ മസ്ജിദുൽ ഹറം' - ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ
text_fieldsമദീന: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദർശകരെ പ്രതിവർഷം സ്വീകരിക്കുന്നതിനാൽ ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശനം നടത്തുന്ന സ്ഥലമാണ് മക്കയിലെ വിശുദ്ധ മസ്ജിദായ മസ്ജിദുൽ ഹറമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ സ്ഥിരീകരിച്ചു. മദീനയിലെ പ്രവാചക പള്ളിയായി അറിയപ്പെടുന്ന മസ്ജിദുന്നബവിയിലെ 'റൗദ' യിലെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ എത്തിയ തീർഥാടകരുടെ എണ്ണം 19 ദശലക്ഷം കവിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.മദീനയിൽ കഴിഞ്ഞദിവസം ആരംഭിച്ച ആദ്യ 'ഉംറ ഫോറ' ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉംറ മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും ഇരു ഹറമുകളിലുമെത്തുന്ന തീർഥാടകർക്കുള്ള സേവനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്ന ചർച്ചകളും ഫോറത്തിൽ നടന്നു. ഏപ്രിൽ 22 മുതൽ 24 വരെയുള്ള ദിനങ്ങളിൽ
നടക്കുന്ന ഫോറത്തിന്റെ ആദ്യ എഡിഷനാണ് ഇപ്പോൾ നടക്കുന്നത്. തീർഥാടകർക്ക് നൽകുന്ന ഏറ്റവും പുതിയ സേവനങ്ങളെയും നടപ്പിലാക്കാനുദ്ദേശിക്കുന്ന നൂതന പരിഷ്‌കാരങ്ങളെയും കുറിച്ചുള്ള ഡയലോഗ് സെഷനുകൾ, ശില്പശാലകൾ, റോഡ് ഷോകൾ എന്നിവ ചടങ്ങിൽ നടക്കും. 28 സർക്കാർ ഏജൻസികളും 3,000-ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളും ഫോറത്തിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് പരിപാടിയിൽ പ്രസംഗിച്ച മന്ത്രി വിശദീകരിച്ചു. .
ലോകമെമ്പാടുമുള്ള 24 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും തീർഥാടകരും സന്ദർശകരും നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ സൗദിയുടെ ശ്രമങ്ങൾ രാജ്യത്തിന്റെ പുറത്തും നടക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. തീർഥാടകർ നേരിടുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാനും സൗദി നൽകുന്ന തീര്ഥാടകർക്കുള്ള സൗകര്യങ്ങൾ ഇതര രാജ്യങ്ങളെ ബോധ്യപ്പെടുത്താനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. മക്കയിലും മദീനയിലുമെത്തുന്ന തീർഥാടകരുടെ യാത്രയെയും അവരുടെ അരാധനാകർമങ്ങളെയും ബാധിക്കും വിധം സംവിധാനങ്ങളൊന്നും പരാജയപ്പെടാതിരിക്കാൻ പഴുതടച്ച ജാഗ്രതയും ശ്രദ്ധയുമാണ് നൽകുന്നതെന്നും ഏത് പ്രതിസന്ധികളും പരിഹരിക്കാൻ മന്ത്രാലയം ശക്തമായി രംഗത്തുണ്ടാവുമെന്നും ഹജ്ജ്-ഉംറ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഹജ്ജിനെത്തിയ തീർഥാടകരുടെ അകെ എണ്ണം 18,45,045 ആണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിൽ 16,60,915 പേർ വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരും 1,84,130 പേർ ആഭ്യന്തര തീർഥാടകരുമാണ്. വിദേശത്തുനിന്ന് വന്ന തീർഥാടകരിൽ 9,69,694 പേർ പുരുഷന്മാരും 8,75,351 പേർ സ്ത്രീകളുമാണ്.150 രാജ്യങ്ങളിൽനിന്നാണ് കഴിഞ്ഞ വർഷം തീർഥാടകരെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.