മസ്ജിദുന്നബവി പരിചാരകൻ ആഗാ അബ്ദു അലി ഇദ്രീസ് നിര്യാതനായി
text_fieldsമദീന: മസ്ജിദുന്നബവി പരിചാരകനായിരുന്ന ആഗാ അബ്ദു അലി ഇദ്രീസ് നിര്യാതനായി. പ്രവാചകെൻറ പള്ളി പരിപാലിക്കുകയും സേവിക്കുകയും ചെയ്തിരുന്ന ‘ആഗാ’ എന്ന പേരിലറിയപ്പെടുന്നവരിലെ അവസാന കണ്ണികളിലൊരാളാണ് അബ്ദു അലി ഇദ്രീസ്.
തിങ്കളാഴ്ച മഗ്രിബ് നമസ്കാരാനന്തരം മസ്ജിദുന്നബവിയിൽ നടന്ന ജനാസ നമസ്കാര ശേഷം ജന്നത്തുൽ ബഖീഅ്ൽ മൃതദേഹം ഖബറടക്കി. പണ്ട് കാലം മുതൽ മക്കയിലെയും മദീനയിലെയും ഹറമുകളെ സേവിക്കുന്ന ഒരു കൂട്ടം ആളുകളാണ് ‘ആഗാ’ എന്ന പേരിലറിയപ്പെട്ടിരുന്നവർ. ഹറം വൃത്തിയാക്കുക, തൂത്തുവാരുക, പുകയ്ക്കുക, വെളിച്ചം നൽകുക, പ്രവാചക മസ്ജിദ് തുറക്കുക, അടയ്ക്കുക, പരിപാലിക്കുക. പ്രവാചകെൻറ ഖബറിടവും അതിെൻറ താക്കോലും സുക്ഷിക്കുക തുടങ്ങിയ സേവനത്തിൽ മുഴുസമയമേർപ്പെട്ടിരുന്നു വിഭാഗമാരായിരുന്നു.
ഹറമിലെ സേവനങ്ങൾക്കായി ജീവിതം സമർപ്പിച്ച ഇവർ പ്രത്യേക വേഷവിധാനത്തിലാണ് പ്രത്യക്ഷപ്പെടാറ്. ആഗാ അബ്ദു ഇദ്രീസിെൻറ വിടവാങ്ങലോടെ ഇനി രണ്ട് പേർ മാത്രമേ ഇൗ വിഭാഗത്തിൽ മദീന നഗരത്തിൽ അവശേഷിക്കുന്നുള്ളൂ. അവരിൽ ഒരാൾക്ക് 100 ഉം മറ്റൊരാൾക്ക് 80 ഉം പ്രായം പിന്നിട്ടു. പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കാരണം ഹറമുകളിൽ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നത് ‘ആഗാ’ കൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർത്തിയിട്ടുണ്ട്. നമസ്കാരത്തിൽ പെങ്കടുക്കാനേ ഇവർ മസ്ജിദുന്നബവിയിലെത്താറുള്ളൂ. ഇപ്പോൾ ജീവനക്കാരാണ് ആഗായുടെ ചുമതലകൾ നിർവഹിക്കുന്നത്. ആഗാ എന്ന പേരിലുള്ള നിയമനങ്ങൾ 1978 മുതൽ റദ്ദാക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.