പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് റിയാദിൽ തുടക്കം
text_fieldsറിയാദ്: ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിൽ ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്ന പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് റിയാദിൽ തുടക്കം. കിങ് ഫഹദ് നാഷനൽ ലൈബ്രറി പാർക്കിലാണ് ഓഡിയോ ബുക്ക് കിയോസ്ക് സ്ഥാപിച്ചത്. ലൈബ്രറി അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ ബിൻ നാസർ അൽആസിം കാബിെൻറ ഉദ്ഘാടനം നിർവഹിച്ചു. പാർക്കിലെത്തുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാനാവും.
ലൈബ്രറി അതോറിറ്റിയുടെ പ്രധാന സംരംഭങ്ങളിൽ ഒന്നാണിത്. ഈ വർഷം തുടക്കത്തിൽ അൽഅഹ്സ നഗരത്തിൽ അതോറിറ്റി ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമായാണ് റിയാദിൽ ഓഡിയോ കാബിൻ ആരംഭിച്ചത്. റിയാദ് കൂടാതെ ജിദ്ദ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഇത്തരത്തിൽ നിരവധി കാബിനുകൾ സ്ഥാപിക്കും.
ഓഡിയോ കാബിൻ ഒരു വിജ്ഞാന സ്രോതസ്സായി അവതരിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. പ്രധാന സ്ഥലങ്ങളിൽ ഓഡിയോ ബുക്കുകൾ ഒരുക്കിക്കൊണ്ട് രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലുമുള്ള ആളുകൾക്ക് അറിവിെൻറ കവാടങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് ഇതിലൂടെ.
അതോറിറ്റിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് നൂതനമായ രീതിയിൽ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കലാണിത്. ആർക്കും വേഗത്തിൽ ഉപയോഗിക്കാൻ പാകത്തിലാണ് കാബിൻ ഒരുക്കിയിരിക്കുന്നത്.
മൊബൈൽ ഫോൺ വഴി ഓഡിയോ ഉള്ളടക്കം കേൾക്കാൻ ഉപയോക്താക്കളെ കാബിൻ അനുവദിക്കും. പുസ്തകങ്ങളുടെ വലുപ്പം, വിഷയം, ഏറ്റവുമധികം ശ്രവിച്ചത്, മറ്റുള്ളവ എന്നിവ അനുസരിച്ച് പുസ്തകങ്ങൾ ബ്രൗസ് ചെയ്ത് കേൾക്കാൻ കഴിയും. തുടർന്ന് ആവശ്യമുള്ള ഓഡിയോ ഫയൽ തിരഞ്ഞെടുത്ത് കേൾക്കാം.
ഉപകരണം വഴി ഒരു ചെറിയ ക്ലിപ് നേരിട്ട് കേൾക്കാനോ ക്യു.ആർ കോഡ് സ്കാൻ ചെയ്തു മൊബൈൽ ഫോൺ വഴി മുഴുവൻ ഒാഡിയോ ഫയൽ കേൾക്കാനോ ആളുകൾക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.