മാസ് തബൂക്ക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsതബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മാസ് തബൂക്ക്) ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 78ാത് സ്വാതന്ത്ര്യ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. പരിപാടി ലോകകേരള സഭാംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ പ്രകൃതി ദുരന്തം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്ന സന്ദർഭത്തിൽ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളും മുന്നോട്ടുവെച്ച മാനുഷികവും പുരോഗമന പരവുമായ മൂല്യങ്ങൾ ഉൾക്കൊണ്ടാണ് നമ്മുടെ രാഷ്ട്രസങ്കൽപം രൂപംകൊണ്ടത്.
നിർഭയമായി ഓരോ ഇന്ത്യക്കാരനും നാട്ടിൽ കഴിയാനുള്ള സാഹചര്യങ്ങൾ ഉണ്ടാവണം. ആ കരുത്തിൽ ആത്മസമർപ്പണത്തോടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്ന് ഈ സ്വാത്ര്യദിനത്തിൽ പ്രതിജ്ഞയെടുക്കാമെന്നു അദ്ദേഹം ഓർമപ്പെടുത്തി.മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികളായ സ്നേഹ ലിസ സാബു, കൃപ സാറ സാബു, ക്രിസ്റ്റി ലിസ സാബു എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഉബൈസ് മുസ്തഫ അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സാജിത ടീച്ചറും പ്രതിജ്ഞ ജീവൻ മാത്യു ഐസക്കും ചൊല്ലിക്കൊടുത്തു.
ജോസ് സ്കറിയ, ജറീഷ് ജോൺ, ബിനുമോൻ ബേബി, അമീനത്ത് സാജിത് , യൂസഫ് ഷാ, പ്രിൻസ് ഫ്രാൻസിസ്, സലിം പരവൂർ, സാബു പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ പുതിയാണ്ടി സ്വാഗതവും ചന്ദ്രശേഖര കുറുപ്പ് നന്ദിയും പറഞ്ഞു. തുടർന്ന് കേക്ക് കട്ടിങ്ങും മധുരവിതരണവും നടത്തി. ദേശീയ ഗാനാലാപനത്തോടെ പരിപാടി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.