മദീനയിലെ മസ്‌ജിദുൽ ഖുബയുടെ വൻ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
text_fieldsമദീന: 1440 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് മദീനയിലെത്തിയപ്പോൾ ആദ്യമായി നിർമിച്ച 'മസ്ജിദുൽ ഖുബ' യുടെ വൻ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സൽമാൻ രാജാവിന്റെ പേരിലുള്ള പദ്ധതിയുടെ ഭാഗമായി പള്ളിയുടെ വലിപ്പം പതിന്മടങ്ങ് വർധിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ റമദാനിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുൽ ഖുബയുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ വികസനം പൂർത്തിയാകുമ്പോൾ 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പ്രാർഥനാ ഇടങ്ങളിൽ 66,000 ത്തിലധികം വിശ്വാസികളെ ഉൾകൊള്ളാൻ പര്യാപ്തമാകും. 13,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടവും സൗകര്യങ്ങളും ഉള്ള ഖുബാ മസ്ജിദിൽ പരമാവധി 20,000 ആരാധകർക്ക് സൗകര്യമുള്ള 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് നിലവിലെ പ്രാർഥനാ പ്രദേശം.
നിലവിലെ മസ്ജിദിനെ നാല് വശത്തും ഷെഡുള്ള മുറ്റങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലായിടത്തും തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. എന്നാൽ പ്രധാന കെട്ടിടവുമായി പുതിയ വികസന പദ്ധതികൾ ബന്ധപ്പെടുത്താത്ത വിധത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
മസ്ജിദിനു ചുറ്റുമുള്ള റോഡ് ഗതാഗതവും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും. പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താനും പദ്ധതി വഴി ജനത്തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. പള്ളിയുടെയും സമീപത്തുള്ള മറ്റ് സ്മാരകങ്ങളുടെയും വാസ്തുവിദ്യകളുടെ തനിമ ചോർന്നു പോകാതെ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധകൊടുക്കും. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ് ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും എന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ കാലാകാലങ്ങളായി ഇടംപിടിച്ച സൗദിയിലെ 130 ചരിത്ര പള്ളികൾ പുനരുദ്ധാരണം നടത്താനും വേണ്ട വികസന പ്രവർത്തനങ്ങൾ ചെയ്യാനും കിരീടാവകാശി നാല് വർഷങ്ങൾക്ക് മുമ്പ് തന്നെ ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് മദീനയിലെ ഖുബാ പള്ളിയിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇസ് ലാമിക ചരിത്രത്തില്‍ പ്രവാചകന്‍റെ പലായനത്തിന് ശേഷം ആദ്യമായി നിര്‍മിച്ച ഖുബ പള്ളിയാണ് മസ്ജിദുല്‍ ഖുബ. പ്രവാചകപള്ളിയായി അറിയപ്പെടുന്ന മസ്ജിദുന്നബവിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറിയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് നബിയുടെ കാലഘട്ടത്തിന് ശേഷം ഖലീഫമാരായ ഉമർ, ഉസ്മാൻ എന്നിവരുടെ കാലഘട്ടത്തിൽ മസ്ജിദുൽ ഖുബാ നവീകരണത്തിന് വിധേയമായതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സൗദി ഭരണകൂടത്തിന്റെ കീഴിൽ 1968 ൽ പള്ളിയുടെ വടക്കു ഭാഗത്തായി വിപുലീകരണം നടത്തി. പിന്നീട് 1985 ൽ പള്ളിയുടെ ചരിത്രപരമായി പ്രാധാന്യമുള്ള വാസ്തുവിദ്യാ പൈതൃകങ്ങളും ശേഷിപ്പുകളും നിലനിർത്തി ക്കൊണ്ട് ഫഹദ് രാജാവിന്റെ നിർദേശപ്രകാരം വലിയ പരിഷ്‌കരണങ്ങൾ വരുത്തിയിരുന്നു.
മസ്ജിദുൽ ഖുബയിൽ നമസ്കരിക്കുന്നത് ഉംറക്ക് തുല്യമാണെന്ന പ്രവാചക വചനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മദീനയിലെത്തുന്ന വിശ്വാസികൾ ഇവിടെയും പ്രാർത്ഥനക്കെത്തുന്നത്. മദീനയില്‍ മസ്ജിദുന്നബവി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന പള്ളിയും മസ്ജിദുൽ ഖുബയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.