മക്കയിൽ രണ്ടു ഘട്ടങ്ങളിലായി കർഫ്യുവിൽ ഇളവനുവദിച്ചു
text_fieldsജിദ്ദ: മക്കയിൽ കർഫ്യുവിൽ ഭാഗികമായി ഇളവുവരുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇളവ് വരുത്തുക. ആദ്യഘട്ടം മെയ് 31 മുതൽ ജൂൺ 20 വരെയാണ്. ഈ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്നു വരെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കും. ഈ സമയത്ത് മക്ക നഗരത്തിലേക്കും പുറത്തേക്കും പ്രവേശിക്കാനാകും. അതാത് ഡിസ്ട്രിക്റ്റുകൾക്കുള്ളിൽ വ്യായാമ നടത്തത്തിനുള്ള അനുവാദവുമുണ്ടാകും. എന്നാൽ പൂർണമായും അടച്ചിട്ട ഡിസ്ട്രിക്റ്റിക്കുകളിൽ നിലവിലുള്ള മുൻകരുതൽ നടപടികൾ അതേപടി തുടരും.
രണ്ടാംഘട്ടം ജൂൺ 21 നാണ് ആരംഭിക്കുക. അന്ന് മുതൽ രാവിലെ ആറ് മുതൽ രാത്രി എട്ട് വരെ കർഫ്യുവിൽ ഭാഗികമായ ഇളവുണ്ടാകും. ഈ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാനാകും. ആരോഗ്യ മുൻകരുതൽ പാലിച്ച് മക്കയിലെ പള്ളികളിൽ ജുമുഅ, ജമാഅത്ത് നമസ്ക്കാരങ്ങൾ നടത്താനും അനുവാദമുണ്ടാകും. എന്നാൽ ആരോഗ്യ സുരക്ഷ മുൻകരുതലുകൾ പാലിച്ച് മസ്ജിദുൽ ഹറാമിൽ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ നിലവിലെ രീതിയിൽ തന്നെ തുടരും. റെസ്റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.
എല്ലാ സമയങ്ങളിലും പൊതു ഇടങ്ങളിൽ സമൂഹ അകലം പാലിച്ചിരിക്കണം. സാമൂഹിക ആവശ്യങ്ങൾക്കായി 50 ലധികമാളുകൾ ഒത്തുചേരൽ തടയും. രണ്ടാം ഘട്ടത്തിലും മുഴുവൻ ഡിസ്ട്രിക്റ്റുകളിലും വ്യായാമ നടത്തത്തിനുള്ള അനുവാദമുണ്ടാകും. പുർണമായും അടച്ചിട്ട ഡിസ്ട്രിക്റ്റുകളിൽ ഈ ഘട്ടത്തിലും നേരത്തെ ഉള്ളതു പോലെ മുൻകരുതൽ നടപടികൾ തുടരും. അതോടൊപ്പം ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമാഹാളുകൾ, സ്പോട്സ്, ഹെൽത്ത് ക്ളബുകൾ തുടങ്ങിയ സമൂഹ അകലം പാലിക്കാൻ കഴിയാത്ത തൊഴിൽ മേഖലകൾക്കുള്ള നിരോധം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.