മക്ക എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു
text_fieldsജിദ്ദ: 12ാമത് മക്ക എക്സലൻസ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള മക്ക എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചത്. ജേതാക്കളെ ഗവർണർ അഭിനന്ദിക്കുകയും എല്ലാവർക്കും കൂടുതൽ പുരോഗതിയും മികവും നേരുകയും ചെയ്തു. മക്ക കൾച്ചറൽ ഫോറം ഒാരോ വിഷയത്തിലും മികച്ച റോൾമോഡൽ തിരഞ്ഞെടുക്കുന്നത് ഫോറത്തെ ഉയർത്തിക്കാട്ടുന്നതിന് സഹായിച്ചിട്ടുണ്ട്. പങ്കാളിത്തത്തിലും സംരംഭങ്ങളിലുമുള്ള വർധനവിൽ ഇതു പ്രതിഫലിച്ചിട്ടുണ്ട്. അതോടൊപ്പം മക്ക എക്സലൻസ് അവാർഡ് മേഖലയിൽ സാംസ്കാരികവും ഭരണപരവുമായ ഉണർവിന് ആക്കംകൂട്ടിയെന്നും മക്ക ഗവർണർ പറഞ്ഞു.
പത്തു വിഭാഗങ്ങളിലാണ് എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹജ്ജ്- ഉംറ സേവന രംഗത്ത് ഹജ്ജ്, ഉംറ മന്ത്രാലയത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. കോവിഡ് സമയത്ത് നടത്തിയ ശ്രമങ്ങൾക്കും തീർഥാടകരുടെ സേവനം വികസിപ്പിക്കുന്നതും സുഗമമാക്കുന്നതിനും സ്മാർട്ട് ഹജ്ജ് കാർഡ് പദ്ധതി ഉൾപ്പെടെ നൂതന സംവിധാനങ്ങൾ വികസിപ്പിച്ചതുമാണ് അവാർഡിനു അർഹമാക്കിയിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റിവ് എക്സലൻസ് അവാർഡ് ലഭിച്ചിരിക്കുന്നത് ആരോഗ്യ മന്ത്രാലയമാണ്.
കോവിഡ് പ്രതിസന്ധിയെ രാജ്യത്തുടനീളം പ്രത്യേകിച്ച് മേഖലയിലും വിജയകരമായി കൈകാര്യം ചെയ്യുന്നതിൽ വഹിച്ച മികച്ച പങ്കാളിത്തവും പ്രവർത്തനങ്ങളുമാണ് അവർഡിനു അർഹമാക്കിയത്. സാമ്പത്തിക എക്സലൻസ് അവാർഡ് അക്വ പവർ കമ്പനിക്കാണ്. നൂതന സംവിധാനമുപയോഗിച്ചുള്ള, ഉയർന്ന ഉൽപാദനം നടത്താൻ കഴിയുന്ന ജലശുദ്ധീകരണ സംവിധാനം നടപ്പിലാക്കിയതിനാണ്. സാംസ്കാരിക എക്സലൻസ് അവാർഡ് അറബി കവിതാ അക്കാദമിക്കാണ്. അറബി കവിതകൾ വികസിപ്പിക്കുന്നതിനും ചരിത്രപരവും സമകാലികവുമായ പഠനങ്ങളെ പിന്തുണക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും നടത്തിയ ശ്രമങ്ങൾക്കാണ് അക്കാദമി അവാർഡിനു തെരഞ്ഞെടുത്തിരിക്കുന്നത്.
സാമൂഹിക എക്സലൻസ് അവാർഡിന് അർഹമായത് മക്ക ഡിസ്ട്രിക്റ്റ് കേന്ദ്രങ്ങൾക്കായുള്ള സൊസൈറ്റിയാണ്. കോവിഡ് നേരിടുന്നതിൽ സൊസൈറ്റി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ്. അർബൻ എക്സലൻസ് അവാർഡിന് അർഹമായത് മശാഇറിലെ സർക്കാർ വകുപ്പുകൾക്കായുള്ള കോംപ്ലക്സാണ്. ശാസ്ത്ര സാേങ്കതിക എക്സലൻസ് അവാർഡിന് അർഹമായത് സൗദി അതോറിറ്റി ഫോർ േഡറ്റ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് 'സദ്യ' ആണ്. കോവിഡ് കാലത്ത് പ്രതിസന്ധി കൈകാര്യം വിവിധ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചു അതോറിറ്റി നടത്തിയ ഫലപ്രദമായ പ്രവർത്തനം കണക്കിലെടുത്താണ്.
മാനുഷികമായ എക്സലൻസ് അവാർഡിന് അർഹമായത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ബിൻ ഖാലിദ് അബ്ദു അലിക്കും മേജർ ജനറലായി വിരമിച്ച സഇൗദ് ബിൻ സഅദ് അൽഉതൈബിക്കുമാണ്. കോവിഡുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ പ്രതിദിന പത്രസമ്മേളനത്തിൽ സംഗ്രഹിക്കുന്നതിലും വിവിധ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നതിലും നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് ഡോ. മുഹമ്മദ് ബിൻ അബ്ദു അലിയെ അവാർഡിനു തെരഞ്ഞെടുത്തത്. മക്ക മേഖല പൊലീസ് മേധാവിയായിരിക്കെ മേഖലയിൽ സുരക്ഷ കൈവരിക്കുന്നതിനും കഴിഞ്ഞ ഹജ്ജ് ഉംറ സീസണുകളിൽ നടത്തിയ സേവനങ്ങൾക്കുമാണ് സഇൗദ് ബിൻ സഅദ്നെ തെരഞ്ഞെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.