മക്ക റോഡ്’ സംരംഭം ഇത്തവണ ഏഴ് രാജ്യങ്ങളിൽ
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ യാത്രാനടപടികൾ അതതു രാജ്യങ്ങളിൽനിന്ന് പൂർത്തിയാക്കുന്നതിന് ആരംഭിച്ച ‘മക്ക റോഡ്’ സംരംഭം ഇത്തവണ ഏഴ് രാജ്യങ്ങളിൽ നടപ്പിലാക്കുന്നു. തീർഥാടകരെ സേവിക്കുന്നതിനുള്ള ‘മക്ക റോഡ്’ സംരംഭം വിഷൻ 2030ന്റെ പ്രോഗ്രാമുകളിലൊന്നാണ്. ആറാമത്തെ വർഷമാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് നടപ്പിലാക്കുന്നത്. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കി, കോട്ട് ഡി ഐവയർ എന്നീ ഏഴ് രാജ്യങ്ങളിലെ പതിനൊന്ന് വിമാനത്താവളങ്ങളിലെ പ്രത്യേക ലോഞ്ചുകളിലൂടെയാണ് ഹജ്ജ് തീർഥാടകരുടെ യാത്ര നടപടികൾ പൂർത്തിയാക്കുന്നത്. ഇതിലൂടെ തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഹജ്ജ് വിസ ഇലക്ട്രോണിക് രീതിയിൽ ഇഷ്യൂ ചെയ്ത് തീർഥാടകരുടെ ബയോമെട്രിക് സവിശേഷതകൾ സ്വന്തം രാജ്യങ്ങളിൽ നിന്നെടുത്ത് യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കുന്നതാണിത്. പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തിൽ വെച്ചു തന്നെ സൗദിയിലെത്തുമ്പോഴുള്ള പ്രവേശന നടപടിക്രമങ്ങൾ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് പൂർത്തിയാക്കുന്നതാണ് സംരംഭത്തിന്റെ സവിശേഷത. ലഗേജുകളുടെ കോഡിങ്ങും തരംതിരിക്കലും അതതു രാജ്യങ്ങളിൽനിന്ന് പൂർത്തിയാക്കുന്നു. സൗദിയിലെത്തിയാൽ പ്രത്യോക ട്രാക്കുകളിലൂടെ യാതൊരു നടപടികളുമില്ലാതെ വേഗത്തിൽ തീർഥാടകർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള ബസുകളിൽ യാത്ര ചെയ്യാനാകും.
ലഗേജുകൾ ഏജൻസികളാണ് കൈകാര്യ ചെയ്യുക. വിദേശകാര്യം, ആരോഗ്യം, ഹജ്ജ്, ഉംറ, ഇൻഫർമേഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി, സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി,, ഗസ്റ്റ്സ് ഓഫ് ഗോഡ് സേവന പരിപാടി എന്നിവയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ സംരംഭം നടപ്പാക്കുന്നത്.
2017ൽ ആരംഭിച്ചതു മുതൽ 617756 തീർഥാടകർക്ക് ‘മക്ക റോഡ്’ സേവനം നൽകാനായിട്ടുണ്ട്. അതേ സമയം, ഈ വർഷത്തെ ‘മക്ക റോഡ്’ സംരംഭത്തിന്റെ ആദ്യവിമാനം മലേഷ്യയിൽനിന്ന് മദീനയിലെത്തി. ക്വാലാലംപുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ആദ്യസംഘം പുറപ്പെട്ടത്. ബംഗ്ലാദേശിൽനിന്നുള്ള സംഘവും ഇന്നലെ മദീനയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.