മീഡിയ ഫോറം തൊഴില്‍ നൈപുണ്യ വികസന ശിൽപശാല സംഘടിപ്പിച്ചു
text_fieldsറിയാദ്: തൊഴില്‍ മേഖലയില്‍ മികച്ച ഭാവി കൈവരിക്കാന്‍ പഠനവും പരിശീലനവും പരിശ്രമവും ആവശ്യമാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് റീജനല്‍ ടെക്നിക്കല്‍ മാനേജരുമായ നവാസ് അബ്ദുല്‍ റഷീദ് പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) സംഘടിപ്പിച്ച ‘സ്കില്‍ അപ്, സ്റ്റെപ് അപ്’ തൊഴില്‍ നൈപുണ്യ വികസന ശിൽപശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന സാങ്കേതിക വിദ്യകള്‍ തൊഴില്‍ നഷ്ടത്തിന് ഇടവരുത്തില്ല. എന്നാല്‍ ചെയ്യുന്ന തൊഴിലുമായി ബന്ധപ്പെട്ട കൂടുതല്‍ നൈപുണ്യം നേടുമ്പോള്‍ മാത്രമാണ് തൊഴില്‍ അഭിവൃദ്ധി നേടാന്‍ കഴിയുക.
കൃത്യമായ ലക്ഷ്യബോധവും അതിനനുസരിച്ച് ആസൂത്രണവും നടത്തിയാല്‍ അഭിനിവേശമുള്ള തൊഴിലിടങ്ങളില്‍ ഇഷ്ടമുള്ള തസ്തികയിലെത്താന്‍ കഴിയും. ഇതിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖം, സ്വയം അറിയുക, തൊഴില്‍ വളര്‍ച്ച, കരിയര്‍ പ്ലാനര്‍ എന്നിവയില്‍ എക്സര്‍സൈസ്, അപ്സ്കില്ലിങ് മാതൃകകള്‍, ഓണ്‍ലൈന്‍ പഠനം എന്നിവയും ചര്‍ച്ച ചെയ്തു. ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു.
ശിൽപശാലയുടെ ഉദ്ഘാടനം കൊക്കകോള ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് മാനേജര്‍ ജി. വേണുഗോപാല്‍ നിര്‍വഹിച്ചു.
പ്രസിഡൻറ് വി.ജെ. നസ്റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മീഡിയ ഫോറം 20ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ‘റിംഫിെൻറ 20 വര്‍ഷങ്ങള്‍’ രക്ഷാധികാരി നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. പൂച്ചെണ്ടും പുസ്തകങ്ങളും സമ്മാനിച്ച് ഷമീര്‍ കുന്നുമ്മല്‍, ഷമീര്‍ ബാബു എന്നിവര്‍ അതിഥികളെ വരവേറ്റു. ശിൽപശാലക്ക് നേതൃത്വം നല്കിയ നവാസ് റഷീദിന് മീഡിയ ഫോറം പ്രവര്‍ത്തകര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. നറുക്കെടുപ്പ് വിജയികള്‍ക്ക് മുജീബ് താഴത്തേതില്‍, ഹാരിസ് ചോല എന്നിവര്‍ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിബു ഉസ്മാന് ആമുഖഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും ജയന് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.