മീഡിയ വൺ ലിറ്റിൽ സ്കോളർ; വിജ്ഞാനോത്സവം രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsറിയാദ്: ആഗോള മലയാളികളുടെ അറിവുത്സവമായി മലർവാടിയും സ്റ്റുഡൻറ്സ് ഇന്ത്യയും സംഘടിപ്പിക്കുന്ന മീഡിയ വൺ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി മത്സരത്തിന്റെ റിയാദ് പ്രവിശ്യയിലെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റർ ചെയർമാനും മുൻ സേവ സ്കൂൾ ചെയർമാനുമായ നവാസ് റഷീദ് നിർവഹിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളും മലർവാടി മെൻറർമാരും ലിറ്റിൽ സ്കോളർ കർമസമിതിയംഗങ്ങളും പങ്കെടുത്തു.
കുട്ടികളെയും കൗമാരക്കാരെയും അറിവിന്റെ പുതിയ വിഹായസിലേക്ക് നയിക്കുന്ന വിജ്ഞാനോത്സവം, കഴിവുകളെ മാറ്റുരക്കാനും തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ ലഭിക്കാനും പ്രാപ്തമാക്കുമെന്ന് നവാസ് റഷീദ് അഭിപ്രായപ്പെട്ടു.
കർമസമിതിയംഗങ്ങളായ ശുക്കൂർ പൂക്കയിൽ, അസീസ് പൊറ്റശ്ശേരി, സുഹൈൽ, നജാത്തുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡിസംബർ രണ്ടിന് രാവിലെയാണ് ആദ്യ മത്സരം. ഗ്ലോബൽ തലത്തിൽ നടക്കുന്ന ക്വിസ് പരിപാടിയിൽ റിയാദിലും ഖസീമിലുമായി മൂന്ന് കേന്ദ്രങ്ങളിലായി 2000-ത്തോളം കുട്ടികൾ പങ്കെടുക്കും. നവംബർ 20ന് മുമ്പായി മത്സരാർഥികൾ രജിസ്ട്രേഷൻ ഓൺലൈനിൽ പൂർത്തിയാക്കണം. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മലയാളികളായ മുഴുവൻ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകസമിതി അസിസ്റ്റൻറ് കൺവീനർ റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. മൂന്ന്, നാല്, അഞ്ച് ജൂനിയർ, ആറ്, ഏഴ്, എട്ട് സബ് ജൂനിയർ, ഒമ്പത്, 10, 11, 12 സീനിയർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകൾക്ക് വേണ്ടി പ്രത്യേകം മത്സരങ്ങൾ നടക്കും. മൂന്ന് ഘട്ടങ്ങളിൽ വിജയിക്കുന്ന വിദ്യാർഥികളായിരിക്കും മീഡിയ വൺ ഫ്ലോറിൽ നടക്കുന്ന മെഗാ ഫിനാലെയിൽ എത്തുക. ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്തുന്ന ആദ്യറൗണ്ട്, ക്വിസ് മാസ്റ്റർ നയിക്കുന്ന രണ്ടാം റൗണ്ട്, സൗദി തലത്തിൽ ഓൺലൈനായി നടക്കുന്ന ഫൈനൽ റൗണ്ട് എന്നിവക്ക് ശേഷമാണ് നാട്ടിൽ നടക്കുന്ന മെഗാ ഫിനാലെ. ലക്ഷങ്ങൾ മൂല്യമുള്ള സമ്മാനങ്ങൾ വിവിധ റൗണ്ടുകളിൽ ജേതാക്കൾക്ക് ലഭിക്കുമെന്ന് ലിറ്റിൽ സ്കോളർ വൃത്തങ്ങൾ പറഞ്ഞു.
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. 80 ശതമാനം മാർക്ക് നേടുന്നവർക്ക് സിൽവർ കളർ മെഡലുകളും 90 ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് ഗോൾഡ് കളർ മെഡലുകളും സമ്മാനിക്കും. കൂടാതെ ഓരോ കാറ്റഗറിയിലും വിജയിക്കുന്നവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകും. 12 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മെഗാ ഫിനാലെയിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. https://littlescholar.mediaoneonline.com ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് മലർവാടി, സ്റ്റുഡന്റ്സ് ഇന്ത്യ കോഓഡിനേറ്റർമാരായ സാജിദ് ചേന്ദംമംഗല്ലൂരും റെനീസ് തൊടുവയിലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.