അസീറിൽ ഉത്സവമാക്കി മീഡിയവൺ സൂപ്പർകപ്പ് ഫുട്ബാൾ
text_fieldsഅബഹ: കോടമഞ്ഞിറങ്ങി പാറിയൊഴുകുന്ന അസീറിലേക്ക് പുതുമകളോടെയാണ് മീഡിയവൺ സൂപ്പർ കപ്പ് എത്തിയത്. പ്രവാസികൾ സംഗമിക്കുന്ന ഖമീസ് മുശൈത്തിലെ ദമക് സ്റ്റേഡിയമായിരുന്നു വേദി. വൈകീട്ടോടെ ഉത്സവ പ്രതീതിയിൽ മത്സരത്തിന് കിക്കോഫ്. ആറ് ടീമുകളാണ് മറ്റുരച്ചത്. ഫസ്സാഹ് വാട്ടർ വാർസോൺ ബ്രദേഴ്സ്, സൺപാക്ക് ഫാൽക്കൺ, ലൈഫ്ടൈം വാച്ചസ് മെട്രോ എഫ്.സി, സനാഇയ പ്രവാസി, യാസ് ബീഷ, ലയൺസ് എഫ്.സി എന്നിങ്ങിനെ ടീമുകൾ വിവിധ ഘട്ടങ്ങളിലായി ഏറ്റുമുട്ടി.
മത്സരങ്ങൾക്കിടയിലെ ഇടവേളകളിൽ വിവിധ കലാവിരുന്നുകളുമെത്തി. അൽ ജുനൂബ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ കലാപരിപാടികൾ കാണികൾക്ക് മികച്ച അനുഭവമായിരുന്നു. കുരുന്നുകളുടെ പാട്ടുകളും നൃത്തവും ഒപ്പനയുമെല്ലാം മത്സര ഇടവേളകളിലെ കാഴ്ചവിരുന്നായി. ശറഫുദ്ദീന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ കരാട്ടേ ഷോയും ഗ്രൗണ്ടിലെത്തി. വൻജനാവലിയാണ് മത്സരം കാണാനെത്തിയത്.
അബഹക്ക് പുറമെ സമീപ പ്രവിശ്യയിൽ നിന്നും കുടുംബങ്ങളുൾപ്പെടെ കാണികളെത്തി.മത്സര വിശേഷങ്ങൾ ഞൊടിയിടയിൽ സ്ക്രീനിൽ നിറഞ്ഞതും കാണികൾക്ക് പുതിയ അനുഭവമായി. വീറും വാശിയും നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ ഫൈനലിലെത്തിയത് ഫസ്സാഹ് വാട്ടർ വാർസോൺ ബ്രദേഴ്സും സൺ പാക്ക് ഫാൽക്കൺ എഫ്.സിയും. അർധരാത്രിയോടെ ഫൈനൽ മത്സരത്തിനായി ഇവർ കളിക്കളത്തിലിറങ്ങി.
തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ഫൈനൽ മത്സരം സൗദി പ്രസ് ഏജൻസി അസീർ പ്രവിശ്യാ മേധാവി അബ്ദുല്ല അൽ ഉബയ്യിദ് ഉദ്ഘാടനം ചെയ്തു. അദ്ദേഹവും മത്സരത്തിന്റെ സ്പോൺസർമാരും അതിഥികളും കളിക്കാരുമായി പരിചയപ്പെട്ടു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ ബുജൈർ തൊടുത്തുവിട്ട ഗോളോടെ വാർസോണിന് മേൽ ഫാൽക്കൺ എഫ്.സിക്ക് ലീഡ്.റഫറിമാർ ഗോൾ നൽകിയെങ്കിലും വാർസോൺ ഇത് അംഗീകരിച്ചില്ല.
ഇതോടെ മത്സരം താൽക്കാലികമായി നിർത്തി. സൗദി പ്രോ ലീഗിലെ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇരുവിഭാഗങ്ങളേയും തീരുമാനം റഫറിമാർ അറിയിച്ചു. മതിയായ സമയം നൽകിയെങ്കിലും കളിക്കളത്തിലേക്കിറങ്ങാൻ വാർസോൺ തയ്യാറാകാതിരുന്നതോടെ ഏകഗോൾ നേടിയ സൺപാക്ക് ഫാൽക്കൺ എഫ്.സിയെ വിജയികളായി റഫറിമാർ പ്രഖ്യാപിച്ചു.കപ്പും 15000 റിയാൽ കാഷ് അവാർഡുമായിരുന്നു വിജയികൾക്കുള്ള സമ്മാനം.
വിജയികൾക്ക് ഷിഫ അൽ ഖമീസ് അഡ്മിൻ മാനേജർ ജലീൽ കാവന്നൂരും മീഡിയവൺ പടിഞ്ഞാറൻ പ്രവിശ്യാ കോഓഡിനേറ്റർ സി.എച്ച്. അബ്ദുൽ ബഷീറും ചേർന്ന് കപ്പ് കൈമാറി. ഫൈനലിൽ മാൻഓഫ് ദ മാച്ചായത് വിജയഗോൾ നേടിയ ഫാൽക്കൺ എഫ്.സിയുടെ ബുജൈറായിരുന്നു. മികച്ച ഗോൾ കീപ്പറായത് ഹർഷദും. ടൂർണമെന്റിലെ മികച്ച കളിക്കാരനായത് ഷഫീർ. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ആഷിഖും.
എല്ലാവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.മത്സരം കാണാനെത്തിയവർക്കായി മീഡിയവൺ സൗജന്യമായി പ്രഖ്യാപിച്ച മൂന്ന് സ്മാർട്ട് ഫോണുകളും ടാബും നറുക്കെടുപ്പിലൂടെ സമ്മാനിച്ചു. പ്രൈം എക്സ്പ്രസ് കാർഗോ പ്രഖ്യാപിച്ച 140 കിലോ സൗജന്യ എയർ കാർഗോ ജേതാക്കളേയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. ഇത് പ്രൈം കാർഗോ അസീർ മാനേജർ അജ്മൽ സമ്മാനിച്ചു.
മത്സരം നിയന്ത്രിച്ച റഫറിമാർക്ക് മൈ കെയർ ഹോസ്പിറ്റൽ, വെർവിറോ പ്രതിനിധികളും സി.എച്ച്. അബ്ദുൽ ബഷീർ, ടൂർണമെൻറ് കൺവീനർ ഫവാസ് എന്നിവരും ഫലകങ്ങൾ കൈമാറി.
ഷിഫ അൽ ഖമീസ് മാനേജർ ജലീൽ കാവന്നൂർ, പ്രൈം കാർഗോ അസീർ മേധാവി അജ്മൽ, സൂക് അൽ ഹുബ് സി.ഇ.ഒ ഷാഹിദ് അബൂബക്കർ, താജ് സ്റ്റോർ മാനേജർ ഷംസു, ചോയ്സ് ടെക്സ് മാനേജർ ബാവ, വെബ് വേൾഡ് എം.ഡി റിയാസ് ബാബു, മെട്രോ ഫാമിലി റസ്റ്റോറൻറ് പ്രതിനിധി സൽമാൻ, റോയൽ ഗിഫ്റ്റ് എം.ഡി ജാഫർ, വിവിറോ മെൻസ് വെയർ പ്രതിനിധി സാജു എന്നിവർ സ്പോൺസർമാർക്കുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വളൻറിയർ സേവനമൊരുക്കിയത് ഖമീസിലെ അമിഗോസാണ്. മീഡിയവൺ അസീർ മേഖലാ പ്രതിനിധി മുജീബ് ചടയമംഗലത്തിെൻറ നേതൃത്വത്തിലായിരുന്നു വളൻറിയർ സംഘം. തനിമയുടെ പുരുഷ-വനിതാ വിഭാഗത്തിന്റെ പിന്തുണയും സംഘാടനം മികവുറ്റതാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.