മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരങ്ങൾ വ്യാഴാഴ്ച
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും (റിഫ) മീഡിയവൺ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബാൾ ഫാൻസ് ടൂർണമെന്റ് വ്യാഴാഴ്ച നടക്കും. റിയാദ് അൽഖർജ് റോഡിലെ അൽഇസ്കാൻ സ്റ്റേഡിയത്തിൽ രാത്രി 8.30ന് ടീമുകളുടെ മാർച്ച്പാസ്റ്റോടെയാണ് ഔപചാരികമായി തുടക്കം കുറിക്കുക. ഒമ്പതിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
താര ലേലത്തിലൂടെ കരസ്ഥമാക്കിയ 20 കളിക്കാരുമായാണ് ഓരോ ഫാൻസ് ടീമും കളിക്കളത്തിലെത്തുക. ലോകകപ്പ് ഫുട്ബാളിന്റെ സൗഹൃദവും മാനവികവുമായ സന്ദേശങ്ങൾ വിളംബരം ചെയ്യുകയും കളിയാവേശം ജനങ്ങളിലേക്ക് പകരുകയുമാണ് ഈ മേളയുടെ ലക്ഷ്യമെന്ന് മീഡിയവൺ ഓപറേഷൻ ഡയറക്ടർ സലീം മാഹിയും റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്രയും പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫാൻസ് ടൂർണമെന്റ് ഫിക്സ്ചറനുസരിച്ച് രാത്രി ഒമ്പതിന് ഫ്രാൻസ് ഇംഗ്ലണ്ടിനെയും 9.45ന് അർജന്റീന ജർമനിയെയും 10.30ന് ബ്രസീൽ സൗദി അറേബ്യയെയും 11.15ന് പോർചുഗൽ ഇന്ത്യയെയും നേരിടും.
തുടർന്ന് ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ അരങ്ങേറും. മത്സരങ്ങളുടെ നടത്തിപ്പിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അബ്ദുൽ കരീം പയ്യനാട് പറഞ്ഞു.
കായിക-സാംസ്കാരിക രംഗത്തുള്ള സൗദി പ്രമുഖരും ടൂർണമെന്റിന്റെ പ്രായോജകരും അതിഥികളായി പങ്കെടുക്കുമെന്ന് മീഡിയവൺ മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന അറിയിച്ചു. കാൽപന്തുകളിയുടെ ചാരുതയും കളിയാവേശത്തിന്റെ ആരവവും നേരിൽകാണാൻ വലിയൊരു ജനക്കൂട്ടം എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.