മീഡിയ വൺ സൂപ്പർ കപ്പ്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന്
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ)യുടെ സഹകരണത്തോടെ മീഡിയ വൺ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് നയൻസ് ഫുട്ബാൾ ടൂർണമെന്റിൽ വ്യാഴാഴ്ച ക്വാർട്ടർ മത്സരങ്ങൾ നടക്കും. അട്ടിമറികളുടെ വിളനിലമായി മാറിയ ആദ്യറൗണ്ട് മത്സരങ്ങൾക്കു ശേഷം പുതിയ പോരാട്ട വീര്യവുമായാണ് എട്ട് ക്ലബുകൾ കളത്തിലിറങ്ങുക.
എതിരാളികളെ വീഴ്ത്താനുള്ള വാരിക്കുഴികളൊരുക്കുന്നതിലും പ്രതിരോധത്തിലെ ദൗർബല്യങ്ങൾ മുതലെടുക്കാനുള്ള കണക്കു കൂട്ടലിലുമായിരിക്കും ഓരോ ടീമും. അതോടൊപ്പം സ്വന്തം സ്ക്വാഡിന്റെ ബലക്ഷയങ്ങൾ കൃത്യമായി വിലയിരുത്തി ആവശ്യമായ തന്ത്രങ്ങൾ മെനയാനും അവർ മറക്കില്ല.
റിയാദിലെ മേജർ ടൂർണമെന്റുകളിലൊന്നായി മാറിയ മീഡിയ വൺ സൂപ്പർ കപ്പ് സ്വന്തമാക്കുക എന്നത് ഏതൊരു ടീമിന്റെയും അഭിമാനവും സ്വപ്നവുമാണ്. അത് പൂവണിയാനുള്ള നിശ്ചയദാർഢ്യത്തോടെയായിരിക്കും എട്ട് ടീമുകളും എത്തുന്നത്.
മൻസൂർ റബീഅ, നെഹ്ദ എഫ്.സി, യൂത്ത് ഇന്ത്യ സോക്കർ, ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി എന്നീ ക്ലബുകൾ ആദ്യ ഗ്രൂപ്പിലും സുലൈ എഫ്.സി, റിയാദ് ബ്ലാസ്റ്റേഴ്സ്, സ്പോർട്ടിങ് എഫ്.സി, റിയൽ കേരള എന്നിവർ രണ്ടാം ഗ്രൂപ്പിലും ബലപരീക്ഷണം നടത്തും.
രാത്രി 10ന് സുലൈ അൽ മുതവ പാർക്ക് ഫുട്ബാൾ അക്കാദമി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സെലിബ്രിറ്റി താരം ഇവാൻ വുകോമനോവിച്ച് നൽകിയ ആവേശം കൈമുതലാക്കി റിയാദിെൻറ നാനാഭാഗങ്ങളിൽനിന്നായി ധാരാളം ഫുട്ബാൾ പ്രേമികൾ വാശിയേറിയ മത്സരങ്ങൾ കാണാനെത്തിച്ചേരും. വെള്ളിയാഴ്ച രാത്രി എട്ടിന് സെമി ഫൈനലും ശേഷം മെഗാ ഫൈനൽ മത്സരവും നടക്കുമെന്ന് ടൂർണമെൻറ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.