മീഡിയവൺ സൂപ്പർ കപ്പ് സീസൺ-2: കിരീടം ചൂടി പ്രവാസി സോക്കർ സ്പോർട്ടിങ്
text_fieldsറിയാദ്: രാവിന്റെ അന്ത്യയാമങ്ങൾ വരെ നീണ്ടുനിന്ന പോരാട്ടത്തിൽ അടവുകൾ പതിനെട്ടും പയറ്റി എതിരാളികളുടെ പോർമുഖങ്ങളെ വിറപ്പിച്ച് മീഡിയവൺ സൂപ്പർ കപ്പിൽ പ്രവാസി സോക്കർ സ്പോർട്ടിങ് ക്ലബ് മുത്തമിട്ടു. ടീം സ്പിരിറ്റിന്റെ കരുത്തും പ്രതിരോധത്തിലും ആക്രമണത്തിലും പുലർത്തിയ സെവൻസ് ഫുട്ബാളിന്റെ വീറും സൗന്ദര്യവും വഴിഞ്ഞൊഴുകിയ മത്സരങ്ങളിൽ അവസാന ചിരി പ്രവാസി സോക്കറിന്റേതായിരുന്നു.
പലപ്പോഴും ചുണ്ടിനും കപ്പിനുമിടയിൽ വെച്ച് നഷ്ടപ്പെട്ട കിരീടമാണ് നിശ്ചയദാർഢ്യത്തോടെ പോരിനിറങ്ങിയ പ്രവാസി സ്പോർട്ടിങ്ങിന് ഈ കിരീടനേട്ടത്തിലൂടെ സാധ്യമായത്. ശക്തരും കരുത്തരുമായ യൂത്ത് ഇന്ത്യയെ കളിയിലെ രണ്ടാം പകുതിയിൽ ആരിഫ് എം.പിയുടെ ഹെഡിൽ നിന്നും പിറന്ന ഒരു ഗോളിലൂടെ പിടിച്ചുകെട്ടിയാണ് പ്രവാസി കപ്പിലേക്കുള്ള പടയോട്ടത്തിന് കടിഞ്ഞാണിട്ടത്. നിർണായകമായ ഗോൾ പ്ലെയർ ഓഫ് ദി മാച്ചായി ആരിഫിനെ തെരഞ്ഞെടുത്തു. മീഡിയ വൺ സൗദി കറസ്പോണ്ടന്റ് അഫ്താബ് റഹ്മാൻ മെഡലുകളും മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന കാഷ് അവാർഡും സമ്മാനിച്ചു.
മീഡിയ വൺ മാനേജിങ് കമ്മിറ്റി ചെയർമാൻ താജുദ്ദീൻ ഓമശ്ശേരി വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് അഷ്ഫാഖ് കക്കോടി ആരിഫിന് നൽകി. നേരത്തെ നടന്ന ചടങ്ങിൽ സിറ്റിഫ്ലവർ ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ എ.കെ. നൗഷാദും റിഫ ഭാരവാഹികളും മീഡിയ വൺ സൂപ്പർ കപ്പ് ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളും കളിക്കാരെ പരിചയപ്പെട്ടു.
മാന്ത്രിക ചുവടുകളും ബുദ്ധിപൂർവമായ കരുനീക്കങ്ങളും കൊണ്ട് നിബിഡമായ പുതുതലമുറയുടെ ഫുട്ബാൾ സൂത്രവാക്യങ്ങൾ ഓരോന്നും പുറത്തെടുത്ത ദിനങ്ങളായിരുന്നു സൂപ്പർ കപ്പിലെ രണ്ടുനാളുകളും. 16 ടീമുകൾ മാറ്റുരച്ച ആദ്യദിനത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബ്ലാസ്റ്റേഴ്സ് വാഴക്കാടും രണ്ട് ഗോളുകൾക്ക് ലാന്റേൺ എഫ്.സിയും സുലൈ എഫ്.സിയും മൂന്ന് ഗോളുകൾക്ക് യൂത്ത് ഇന്ത്യയും ക്വാർട്ടറിൽ പ്രവേശിച്ചു. പ്രവാസി സോക്കർ ക്ലബ്, റിയാദ് ബ്ലാസ്റ്റേഴ്സ്, റോയൽ ഫോക്കസ് ലൈൻ, റിയൽ കേരള എഫ്.സി എന്നിവരായിരുന്നു ക്വാർട്ടറിലെത്തിയ മറ്റു ടീമുകൾ.
മികച്ച പ്രകടനം കാഴ്ചവെച്ച കളിയുടെ രണ്ടാം ഘട്ടമായിരുന്നു വെള്ളിയാഴ്ച അരങ്ങേറിയത്. ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കളിപ്രേമികൾ ഇഷ്ട ടീമുകളുടെ ജയപരാജയങ്ങളെ സാകൂതം വീക്ഷിക്കുകയും പ്രോത്സാഹനങ്ങൾ ചൊരിയുകയും ചെയ്തു. വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ സ്പോർട്ടിങ് എഫ്.സിയെ ടൈബ്രേക്കറിൽ തോൽപിച്ച് ബ്ലാസ്റ്റേഴ്സ് വാഴക്കാടും റോയൽ ഫോക്കസ് ലൈനിനെ പരാജയപ്പെടുത്തി പ്രവാസി സോക്കർ സ്പോർട്ടിങ്ങും സെമിയിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലാന്റേൺ എഫ്.സിയെ തകർത്ത് യൂത്ത് ഇന്ത്യയും ഒരു ഗോളിന് റിയാദ് ബ്ലാസ്റ്റേഴ്സിനെ മറികടന്ന് റിയൽ കേരളയും സെമി ബർത്ത് കണ്ടെത്തി.
മത്സരം നാല് ക്ലബുകളിലേക്ക് ചുരുങ്ങിയപ്പോൾ സെമിയുടെ അങ്കത്തട്ടിലേക്ക് പുതിയ കളിയടവുകൾ മെനഞ്ഞാണ് ഓരോ ടീമുകളും ചുവടുവെച്ചത്. സ്ട്രൈക്കർമാരെ വരിഞ്ഞുമുറുക്കാനും എതിരാളികളുടെ പ്രതിരോധത്തിൽ വിള്ളലുണ്ടാക്കാനും ഓരോരുത്തരും കിണഞ്ഞു ശ്രമിച്ചു. ഇരു ഗോൾമുഖങ്ങളിലും മിന്നൽ റെയിഡുകളുമായി ഫോർവേഡുകൾ കുതിച്ചെത്തി കീപ്പർമാരെ നിരന്തരം പരീക്ഷിച്ചു. ബ്ലാസ്റ്റേഴ്സ് വാഴക്കാടിന്റെ വലയിൽ ഒന്നിനെതിരെ മൂന്ന് തവണ നിറയൊഴിച്ച പ്രവാസി സ്പോർട്ടിങ് ഫൈനലിലേക്ക് വ്യക്തമായ ആധിപത്യം നേടി.
ശഫാഹത്തുല്ല രണ്ട് തവണയും തസ്ലീം ഒരു പ്രാവശ്യവും ലക്ഷ്യം കണ്ടു. ജാബിറിന്റെ ആശ്വാസ ഗോൾ വാഴക്കാടിന് തുണയായില്ല. രണ്ടാം സെമിയിൽ റിയൽ കേരള എഫ്.സിക്ക് സെൽഫ് ഗോൾ വിനയായി, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യൂത്ത് ഇന്ത്യയെ ഭാഗ്യം തുണച്ചു. യൂത്ത് ഇന്ത്യക്ക് വേണ്ടി അസ്ലമും റിയൽ കേരളക്ക് വേണ്ടി സുൽഫിയുമാണ് സ്കോർ ചെയ്തത്. റിഫ റഫറിമാരായ മാജിദ്, അമീർ, അൻസാർ, മജീദ്, ഷരീഫ്, മുസ്തഫ മമ്പാട് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.