മീഡിയവൺ: പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം
text_fieldsറിയാദ്: മീഡിയവൺ വിലക്ക് കേന്ദ്രസർക്കാറിന്റെ അന്യായമായ നടപടിയാണെന്നും ചാനലിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും അർപ്പിക്കുന്നതായും റിയാദിൽ ചേർന്ന പൗരസമിതി ഓൺലൈൻ പ്രതിഷേധ സംഗമം വ്യക്തമാക്കി. വിവിധ തുറകളിൽ പ്രവൃത്തിക്കുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകരും നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
ഗ്രന്ഥകാരനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. 'മീഡിയവൺ വിലക്ക് കേവലം ഒരു മാധ്യമ സ്ഥാപനത്തിന്റേത് മാത്രമല്ല, ജനങ്ങളുടെ ഓരോ സ്വാതന്ത്ര്യവും കവർന്നെടുക്കുന്നതിന്റെ ഭാഗമാണ്. മീഡിയകൾ തൊട്ട് അക്കാദമിക കേന്ദ്രങ്ങൾ വരെ ഫാഷിസം നടപ്പാക്കിവരുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ പൊതുജന സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്ന് മൻസൂർ പള്ളൂർ പറഞ്ഞു.
'മലയാളമിത്രം' ഓൺലൈൻ ചീഫ് എഡിറ്റർ ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പൗരസമൂഹത്തിന്റെ ഭരണഘടന ദത്തമായ അവകാശങ്ങൾ ഹനിക്കുന്ന നടപടിയെ അദ്ദേഹം അപലപിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഒരു മാധ്യമ സ്ഥാപനത്തെ ഇങ്ങനെ വിലക്കുന്നതെന്നും കാരണം വ്യക്തമായി പറയാൻ സർക്കാർ സാമാന്യ മര്യാദപോലും കാണിച്ചില്ലെന്നും മീഡിയവൺ സൗദി ചീഫ് അഫ്താബുർറഹ്മാൻ ചൂണ്ടിക്കാട്ടി.
അപകടകരമായ വാർത്തകളും നിരീക്ഷണങ്ങളും പങ്കുവെക്കുന്ന മാധ്യമങ്ങൾ ഉണ്ടായിരിക്കെ മീഡിയവൺ പോലെ പ്രതിബദ്ധതയുള്ള ഒരു സംരംഭത്തെ വിലക്കിയത് ഞെട്ടലുളവാക്കിയെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. പൗരാവകാശങ്ങളുടെ കശാപ്പാണ് ഈ വിലക്കെന്നും ഇനി കോടതി മാത്രമാണ് പ്രതീക്ഷയെന്നും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിനിധി അഡ്വ. അബ്ദുൽ ജലീൽ പറഞ്ഞു.
'ജനാധിപത്യത്തിന്റെ തായ്വേരറുക്കുകയും സോഷ്യൽ മീഡിയകളിൽ വർഗീയതയും വെറുപ്പും പ്രചരിപ്പിക്കുകയുമാണ് വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ ചെയ്യുന്നതെന്ന് കഥാകാരി സബീന എം. സാലി പറഞ്ഞു. കെ.എം.സി.സി പ്രതിനിധി സത്താർ താമരത്ത് പ്രവാസികൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന, അവരുടെ വേവും വേവലാതികളും പങ്കുവെക്കുന്ന സഹയാത്രികനാണ് മീഡിയവണെന്ന് അഭിപ്രായപ്പെടുകയും നിയമ പോരാട്ടത്തിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പൊതുസമൂഹത്തിന് മനസ്സിലാകുന്ന ഒരു ന്യായവും പറയാത്ത ഈ വിലക്ക് സത്യാനന്തര കാലത്തെ ദുരന്തങ്ങളിലൊന്നാണെന്ന് സാമൂഹിക പ്രവർത്തകനായ ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഒട്ടേറെ മാധ്യമ പ്രവർത്തകരും വിലക്കപ്പെടുന്ന മാധ്യമങ്ങളും നമ്മെ ഓർമിപ്പിക്കുന്നത് അധികാരത്തിന്റെ ദ്രംഷ്ടങ്ങൾ എത്രമാത്രം ഹീനമാണെന്നാണ് സൗദി ഇസ്ലാഹി സെന്റർ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ഉമർ ശരീഫ് പറഞ്ഞു. നീതി നിഷേധത്തിനെതിരെ രംഗത്തിറങ്ങിയ മുഴുവൻ നേതാക്കളെയും അഭിനന്ദിച്ച തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ഡോ. മുഹമ്മദ് നജീബ്, സീൽഡ് കവറിൽ തടയപ്പെട്ട സംപ്രേഷണം ഡിജിറ്റൽ ഫ്ലാറ്റ്ഫോമിലൂടെ സ്വീകരിച്ച് മീഡിയവണിന് പിന്തുണ നൽകാൻ ആവശ്യപ്പെട്ടു. ഹിന്ദുത്വ അജണ്ടയെ എതിർക്കുന്ന ഏത് ചലനങ്ങളെയും തടയുകയാണ് മാധ്യമങ്ങളെ വിലക്കുന്നതിന്റെ പിന്നിലെന്ന് മാധ്യമ പ്രവർത്തകനും 24 ചാനൽ റിപ്പോർട്ടറുമായ നാസിറുദ്ദീൻ പറഞ്ഞു.
സ്തുതിപാടകരെയാണ് ഫാഷിസത്തിന് പഥ്യമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി ഷഫീഖ് കൂടായി പറഞ്ഞു. എൻ.ഡി.ടി.വിയും കാരവനും ദി വയറുമൊക്കെ കടുത്ത സമ്മർദങ്ങൾ നേരിടേണ്ടിവന്നതും കർഷക സമരം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പേരിൽ നിരവധി പത്രപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടതും ഈ സർക്കാറിന്റെ കാലത്താണ്. സ്വതന്ത്ര മാധ്യമങ്ങളെ വരുതിയിലാക്കാൻ ഭീഷണിയും നടപടിയുമെടുക്കുന്നതിനെ രാഷ്ട്രീയമായി നേരിടണമെന്ന് പ്രവാസി സാംസ്കാരിക വേദി ജനറൽ സെക്രട്ടറി ഖലീൽ പാലോട് പറഞ്ഞു.
വ്യാപാര പ്രമുഖരായ അഹമ്മദ് കോയ, നാസർ നെസ്റ്റോ എന്നിവരും മീഡിയവണിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അഷ്റഫ് കൊടിഞ്ഞി അവതാരകനായിരുന്നു. റഹ്മത്ത് തിരുത്തിയാട് സ്വാഗതവും സലീം മാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.