നിയോമിൽ 'മീഡിയ വില്ലേജ്' തുറന്നു
text_fieldsജിദ്ദ: സൗദിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിർമാണം നടക്കുന്ന നിയോം നഗരത്തിൽ 'മീഡിയ വില്ലേജ്' തുറന്നു. ലോകോത്തര സിനിമകളുടെ നിർമാണത്തിനും സംവിധാനത്തിനും കഴിയുന്നതാണ് നിയോം മീഡിയ വില്ലേജും ബജ്ദ മരുഭൂ സ്റ്റുഡിയോകളുമെന്നും പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് നിയോം അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ശബ്ദ റെക്കോഡിങ്ങിനും ചലച്ചിത്ര നിർമാണത്തിനുമുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
മികച്ച ചലച്ചിത്ര നിർമാണ സൗകര്യങ്ങളോട് കൂടിയതാണ് മൂന്ന് സ്റ്റുഡിയോകൾ. പ്രാദേശിക, അന്തർദേശീയ നിർമാണങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനാണിത്. കഴിഞ്ഞ 18 മാസത്തെ പരിശീലന കാലയളവിൽ 25ഓളം ടെലിവിഷൻ, ഫിലിം പ്രൊഡക്ഷൻ സംരംഭങ്ങൾക്ക് ആവശ്യമായ സഹായം മീഡിയ വില്ലേജ് നൽകിയിട്ടുണ്ട്. ഉയർന്ന സാങ്കേതിക വിദ്യകളോടെ ഏഴ് പുതിയ സൗണ്ട് സ്റ്റുഡിയോകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്. 2023 തുടക്കത്തിൽ ഇത് പൂർണസജ്ജമാകും.
സിനിമകളുടെയും ടെലിവിഷനുവേണ്ടിയുള്ള നാടകം, റിയാലിറ്റി ടി.വി, ഡോക്യുമെൻററികൾ എന്നിവയുടെയും നിർമാണത്തിന് സഹായമായി 40 ശതമാനം വരെ സാമ്പത്തിക ഇളവ് എന്ന പ്രോത്സാഹന പരിപാടി നടപ്പാക്കും. പ്രൊഡക്ഷൻ മാനേജർമാർക്ക് അവരുടെ പ്രൊഡക്ഷൻ നിയോമിൽ ആരംഭിക്കുന്നതിന് ഇത് ഒരു വലിയ പ്രോത്സാഹനമായി മാറുമെന്നും നിയോം വ്യക്തമാക്കി. നിയോം നിരവധി അത്ഭുതകരമായ ഭാഗങ്ങൾ ഉൾപ്പെടുന്ന സ്ഥലമാണെന്ന് നിയോം മീഡിയ പ്രൊഡക്ഷൻ-എൻറർടൈൻമെൻറ്-കൾചർ ഡയറക്ടർ വെയ്ൻ ബോർഗ് പറഞ്ഞു.
സിനിമയുടെയും മാധ്യമ പരിപാടികളുടെയും നിർമാണത്തിന് ആകർഷകമായ പ്രോത്സാഹനങ്ങൾ നൽകും. നിലവിൽ രാജ്യത്തെ ആദ്യത്തെ അതിനൂതന സംവിധാനങ്ങളുള്ള സൗണ്ട് റെക്കോഡിങ് സ്റ്റുഡിയോകൾ നിയോമിന്റെ ഉടമസ്ഥതയിലാണെന്നും വെയ്ൻ ബോർഗ് പറഞ്ഞു. മീഡിയ പ്രൊഡക്ഷൻ വ്യവസായത്തിന്റെ ഏറ്റവും വലിയ തദ്ദേശീയ കേന്ദ്രമായി മാറുന്നതിനും ഉൽപാദന അനുഭവം നൽകുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. നിയോം മീഡിയ വില്ലേജിൽ നിലവിൽ 2,400 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു മോഡൽ ഓഡിയോ സ്റ്റുഡിയോ ഉണ്ട്. മേക്കപ്പ് റൂമുകളും ഗ്രീൻ റൂമുകളും പ്രൊഡക്ഷൻ ഓഫിസുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും അതിലുണ്ട്.
മൂന്ന് സ്റ്റുഡിയോകൾ കൂടി നിർമിക്കാനുള്ള ജോലികൾ നടക്കുന്നു. ബജ്ദ മരുഭൂ സ്റ്റുഡിയോകൾ ഇതിലുൾപ്പെടും. താഴികക്കുടത്തിന്റെ ആകൃതിയിലുള്ള രണ്ട് സൗദി സ്റ്റുഡിയോകളുമുണ്ട്. ഇവ ഇതിനകം പ്രവർത്തനക്ഷമമാണ്. കൂടാതെ നാല് പുതിയ സ്റ്റുഡിയോകൾ ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഒാരോ സ്റ്റുഡിയോയും ലോകോത്തര നിർമാണ സൗകര്യങ്ങളുള്ളതാണ്. ചിത്രീകരണത്തിനായി സജ്ജീകരിച്ചിട്ടുള്ള ലൊക്കേഷനിൽ അഭിനേതാക്കൾക്കും ജോലിക്കാർക്കും വേണ്ടി എല്ലാ സൗകര്യങ്ങളുമുള്ള 350 ഭവന യൂനിറ്റുകളുമുണ്ടാകും. സൗണ്ട് സ്റ്റുഡിയോകളുടെയും നിർമാണ സൗകര്യങ്ങളുടെയും പൂർത്തീകരണത്തോടനുബന്ധിച്ച് നിയോം അന്താരാഷ്ട്ര പ്രൊഡക്ഷൻ ടീം രൂപവത്കരിച്ചതായും വെയ്ൻബർഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.