മീഡിയവൺ ബ്രേവ്ഹാർട്ട് അവാർഡുകൾ കൈമാറി
text_fieldsദമ്മാം: കോവിഡ് കാലത്ത് മികച്ച സേവന പ്രവർത്തനം നടത്തിയ കിഴക്കൻ പ്രവിശ്യയിലെ സന്നദ്ധ സേവകർക്ക് മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരങ്ങൾ കൈമാറി. കോവിഡ്കാല സേവനപ്രവർത്തനങ്ങൾക്കിടെ മരിച്ച സലീം വെളിയത്തിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം കൈമാറിയത്. സാമൂഹിക പ്രവർത്തകരായ ഹമീദ് വടകര, സലീം ആലപ്പുഴ, ഫൈസൽ കുറ്റ്യാടി എന്നിവരുടെയും പുരസ്കാരങ്ങൾ കൈമാറി. ജുബൈലിൽ കോവിഡ്കാലത്ത് സജീവ സേവനപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു പരേതനായ സലീം വെളിയത്ത്.
നിരവധി പേരാണ് സലീം വെളിയത്തിനായി നോമിനേഷൻ നൽകിയത്. കോവിഡ്കാലത്ത് മരിച്ച ഇദ്ദേഹത്തിനായി സുഹൃത്തുക്കളായിരുന്ന അനിൽ കുമാറും ശിഹാബ് കായംകുളവും പുരസ്കാരം ഏറ്റുവാങ്ങി. ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ ആൽബിൻ ജോസഫാണ് പുരസ്കാരം കൈമാറിയത്. സാമൂഹിക പ്രവർത്തകനായ ഹമീദ് വടകരക്കായിരുന്നു അടുത്ത പുരസ്കാരം. നാട്ടിൽ അവധിയിൽ പോയ ഇദ്ദേഹത്തിനായി സുഹൃത്ത് അമീർ അലി പുരസ്കാരം സാമൂഹിക പ്രവർത്തകൻ അബ്ദുൽ ഹമീദിൽ നിന്നും ഏറ്റുവാങ്ങി.
സലീം ആലപ്പുഴക്കുള്ള പുരസ്കാരം സുഹൃത്ത് അനിൽകുമാർ ഏറ്റുവാങ്ങി. കേരളത്തിലേക്ക് പോയ സാമൂഹിക പ്രവർത്തകൻ ഫൈസൽ കുറ്റ്യാടിക്കായി പുരസ്കാരം സുഹൃത്തായ വി.എം. അർഷദ് ഏറ്റുവാങ്ങി. മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീറാണ് പുരസ്കാരം കൈമാറിയത്. പ്രവാസി മലയാളി ഫെഡറേഷനുള്ള പുരസ്കാരം നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ട്രഷറർ ജോൺസൺ മാർക്കോസ്, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുജിബ് കായംകുളം, ജോയൻറ് സെക്രട്ടറി റസൽ, അൽഖർജ് ജനറൽ സെക്രട്ടറി സവാദ് അയത്തിൽ എന്നിവർ ഏറ്റുവാങ്ങി.
സമസ്ത ഇസ്ലാമിക് സെൻററിനുള്ള (എസ്.ഐ.സി) പുരസ്കാരം സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. കോവിഡ് കാലത്ത് എസ്.ഐ.സി സേവനപ്രവർത്തനങ്ങൾ നടത്തിയത് 'വിഖായ'എന്ന സംഘടനയുടെ പോഷക ഘടകത്തിെൻറ ആഭിമുഖ്യത്തിലായിരുന്നു. കിഴക്കൻ പ്രവിശ്യയിൽ ശ്രദ്ധേയമായ സാമൂഹിക സേവനം നടത്തിയ പി.വി. ബിജുവിനും പുരസ്കാരം കൈമാറി.
ഖഫ്ജിയിലെ സേവന പ്രവർത്തനത്തിന് അബ്ദുൽ ജലീലിനും പുരസ്കാരം നൽകി. കിഴക്കൻ പ്രവിശ്യയിലെ ജംഷാദ് അലിയും പുരസ്കാരം ഏറ്റുവാങ്ങി. കോവിഡ് കാലത്ത് സ്വന്തം കാർ ആംബുലൻസാക്കി മാറ്റിയാണ് ദമ്മാമിലെ പി.വി. ബിജു ശ്രദ്ധേയനായത്. 40ലേറെ പേരെ ഇതുവഴി കോവിഡ് ലോക്ഡൗൺ സമയത്ത് ആശുപത്രിയിലെത്തിച്ചു. ഈ ധീരതക്കാണ് പുരസ്കാരം. അവാർഡ് പൊതുപ്രവർത്തകനായ അബ്ദുൽ ഹമീദ് കൈമാറി. കുവൈത്ത് അതിർത്തിയായ അൽഖഫ്ജിയിലെ ജനകീയ സാന്നിധ്യമായിരുന്നു പി.വി. അബ്ദുൽ ജലീൽ. മേഖലയിൽ കോവിഡ് കാലത്ത് നടത്തിയ സേവനത്തിനാണ് ജലീലിന് അവാർഡ്.
ദമ്മാമിലെ പൊതുപ്രവർത്തകൻ ആൽബിൻ ജോസഫ് പുരസ്കാരം കൈമാറി. കിഴക്കൻ പ്രവിശ്യയിൽ വിവിധ വ്യക്തികളോടും കൂട്ടായ്മകളോടും സഹകരിച്ച് നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനാണ് ജംഷാദ് അലിക്കുള്ള പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.