മീഡിയവൺ ബ്രേവ്ഹാർട്ട് അവാർഡുകൾ സമ്മാനിച്ചു
text_fieldsറിയാദ്: സൗദിയിലെ കോവിഡ്കാല സേവനങ്ങൾക്കുള്ള മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം ദമ്മാമിലെ അഹമ്മദ് നിസാമിക്ക് സമ്മാനിച്ചു. എട്ടു മാസക്കാലത്തെ സൗദി ആരോഗ്യ വകുപ്പിനോടൊപ്പമുള്ള സേവനങ്ങൾക്കാണ് പുരസ്കാരം. ഖോബാറിലെ സാമൂഹിക പ്രവർത്തകനായ എം.കെ. ഷാജഹാനും അവാർഡ് കൈമാറി. സൗദി ആരോഗ്യ വകുപ്പിനോടൊപ്പമുള്ള സേവന പ്രവർത്തനങ്ങൾക്കുള്ള ആദരവായാണ് ദമ്മാമിലെ അഹമ്മദ് നിസാമിക്ക് മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം നൽകിയത്.
സൗദി ഹെൽത്ത് ക്ലസ്റ്റർ വളൻറിയറായിരുന്നു ഇദ്ദേഹം. മസ്ജിദുകൾ, കിങ് ഫഹദ് കോസ്വെ, മാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർക്കൊപ്പമുള്ള ബോധവത്കരണം കണക്കിലെടുത്താണ് പുരസ്കാരം സമ്മാനിച്ചത്. ഐ.സി.എഫ് എന്ന സംഘടനയുടെ കോവിഡ് ഹെൽപ് ഡെസ്ക് കോഒാഡിനേറ്ററും നോർക്ക ഹെൽപ് ഡെസ്ക് അംഗമായും സേവനം ചെയ്തു.
ഖോബാർ കേന്ദ്രീകരിച്ച് നടത്തിയ സാമൂഹികസേവനത്തിനാണ് എം.കെ. ഷാജഹാനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കോവിഡ്കാലത്ത് നടത്തിയ സേവനം നിരവധി പേർക്ക് പ്രയോജനപ്പെട്ടു. മീഡിയവൺ കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ പുരസ്കാരം സമ്മാനിച്ചു.
കോവിഡ്കാലത്ത് നഴ്സുമാരുടെ നേതൃത്വത്തിൽ നടത്തിയ സേവനപ്രവർത്തനങ്ങൾക്ക് സൗദിയിലെ മലയാളി നഴ്സുമാരുടെ സംഘടനക്ക് ബ്രേവ്ഹാർട്ട് പുരസ്കാരം സമ്മാനിച്ചു. റിയാദിലുൾപ്പെടെ നടത്തിയ മെഡിക്കൽ സേവനം കണക്കിലെടുത്തുള്ള പുരസ്കാരം ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡൻറ് സിഞ്ചു റാന്നിയും നഴ്സുമാരും ചേർന്ന് ഏറ്റുവാങ്ങി.
കോവിഡ് മഹാമാരിയിൽ സൗദിയിൽ അനുഭവിച്ച പ്രതിസന്ധികളിലൊന്ന് മതിയായ മെഡിക്കൽ സേവനം വേഗത്തിലെത്താത്തതായിരുന്നു. അത്യപൂർവമായ ഈ സാഹചര്യത്തിൽ നഴ്സുമാർ നടത്തിയ സേവനം വലുതായിരുന്നു.
ഇത് കണക്കിലെടുത്താണ് റിയാദിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷനു കീഴിൽ നടന്ന സേവനങ്ങൾക്ക് മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം. മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് പുരസ്കാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.