ആഘോഷത്തിന്റെ രണ്ട് രാപ്പകലുകൾ മീഡിയവൺ ‘ഹലാ ജിദ്ദ’ മഹോത്സവത്തിന് സമാപനം
text_fieldsജിദ്ദ: സൗദി പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് ആഘോഷത്തിന്റെ രണ്ട് രാപ്പകലുകൾ സമ്മാനിച്ച മീഡിയവൺ ‘ഹലാ ജിദ്ദ’ മഹോത്സവത്തിന് പ്രൗഢോജ്ജ്വല സമാപനം. വെള്ളി, ശനി ദിവസങ്ങളിൽ മദീന റോഡിലെ റിഹേലിയിൽ ‘ദി ട്രാക്’ നഗരിയിലാണ് സൗദിയിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവൽ ഒരുക്കിയത്. കേരളത്തിൽനിന്ന് വേണ്ടതെല്ലാം നേരിട്ട് എത്തിച്ചുകൊണ്ടാണ് മീഡിയവൺ സിനിമ കലാസംവിധായകരെ ഉപയോഗപ്പെടുത്തി ‘ഹലാ ജിദ്ദ’ക്കായി ഉത്സവപ്പറമ്പ് ഒരുക്കിയത്.
രണ്ടു ദിവസങ്ങളിലായി വിവിധ തുറകളിൽപ്പെട്ട അരലക്ഷം പേരാണ് കാർണിവൽ സന്ദർശിച്ചത്. രണ്ടു ദിവസങ്ങളിലും ഹലാ ജിദ്ദ നഗരി അക്ഷരാർഥത്തിൽ ഒരു ഉത്സവപ്പറമ്പ് തന്നെയായി മാറിയിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന് സൂരി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയെ അഭിനന്ദിച്ച അദ്ദേഹം ഇതുപോലെയുള്ള പരിപാടികൾ ഇന്ത്യ-സൗദി സാംസ്കാരിക വിനിമയത്തിനുള്ള വേദിയാകണമെന്നും കൂട്ടിച്ചേർത്തു. ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, ബോർഡ് അംഗം അബ്ദുൽ റഹീം പട്ടർക്കടവൻ, ജിദ്ദ നാഷനൽ ആശുപത്രി എം.ഡി വി.പി. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.
രണ്ടു ദിവസങ്ങളിൽ വിവിധ വേദികളിലായി പിച്ച് പെർഫെക്ട് പാട്ട് മത്സരം, ജൂനിയർ, സീനിയർ ഷെഫ് പാചക മത്സരം, ലിറ്റിൽ പിക്കാസോ പെയിന്റിങ് മത്സരം, മെഹന്തി, കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകുമനോവിച്ചിന്റെ സാന്നിധ്യത്തിൽ വിവിധ ടീമുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം, ശക്തവും ആവേശകരവുമായ വടംവലി മത്സരം തുടങ്ങിയവ നടന്നു. ഒപ്പം ഉറിയടി, കുട്ടികൾക്ക് കിഡ്സ് കോർണർ, വെർച്വൽ റിയാലിറ്റി ഷോ, ടി.വി വാർത്ത വായിക്കൽ, ബിസിനസ് മീറ്റുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരുന്നു.
റിയാദിലെ മേളം ടീം ഒരുക്കിയ ചെണ്ടമേളം, ജിദ്ദയിലെ ടീം പാട്ടു മക്കാനിയുടെ മുട്ടിപ്പാട്ട്, ജിദ്ദയിലെ ശ്രീത ടീച്ചർ അണിയിച്ചൊരുക്കിയ കൃഷ്ണനാട്ടം, നാടോടിനൃത്തം, യാംബു മലർവാടി ബാലസംഘത്തിന്റെ ഒപ്പന തുടങ്ങിയ പരിപാടികളും അരങ്ങേറി. മീഡിയാവണ്ണിലെ ജനപ്രിയ വാർത്താപരിപാടിയായ ‘ഔട്ട് ഓഫ് ഫോക്കസ്’ ടീം പ്രമോദ് രാമൻ, നിഷാദ് റാവുത്തർ, സി. ദാവൂദ് എന്നിവരുമായി സംവാദം, ബിസിനസിലും സാമൂഹിക രംഗത്തും മികവ് പുലർത്തിയവർക്കുള്ള മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാര വിതരണം എന്നിവ പ്രധാന പരിപാടികളായിരുന്നു.
സൗദി വാർത്താമന്ത്രാലയ ഡയറക്ടറും റോയൽ കോർട്ട് മാധ്യമ ഉപദേഷ്ടാവുമായ ഹുസൈൻ അൽ ഷമ്മരി അവാർഡുകൾ വിതരണം ചെയ്തു. വിവിധ സ്ഥാപനങ്ങളുടെ ബിസിനസ് സ്റ്റാളുകൾ കാർണിവലിൽ ഉണ്ടായിരുന്നു. ഇത്തരം സ്റ്റാളുകളിൽനിന്ന് നിരവധി സമ്മാനങ്ങളും സന്ദർശകർക്ക് ലഭിച്ചു.
കേരളത്തിന്റെ നാടൻ രുചിമേള കാർണിവലിനെത്തിയവർക്ക് മറ്റൊരു അനുഭവമായിരുന്നു. വ്യത്യസ്ത രുചികളിലുള്ള നിരവധി നാടൻ പലഹാരങ്ങളും ജ്യൂസുകളും മറ്റു ഭക്ഷണങ്ങളുംകൊണ്ട് ഏറെ സമ്പന്നമായിരുന്നു ഫുഡ് കോർണർ.
രണ്ടു ദിവസങ്ങളിലായി കേരളത്തിൽ നിന്നെത്തിയ നാല് ബാൻഡുകളുടെ സംഗീതസന്ധ്യ ഉന്നത നിലവാരം പുലർത്തി. ആദ്യ ദിനത്തിൽ തമിഴിലെ പ്രസിദ്ധ പാട്ടുകാരനായ പ്രദീപ് കുമാറിന്റെ തമിഴ് ബാൻഡ്, മാപ്പിളപ്പാട്ടിന്റെ അലകളുമായി നടി അനാർക്കലി മരക്കാർ, അഫ്സൽ, കണ്ണൂർ ശരീഫ്, രഹ്ന, ബാദുഷ, ദാന റാസിഖ് എന്നിവർ അണിനിരന്ന ‘പതിനാലാം രാവ്’ മ്യൂസിക്കൽ ഷോ എന്നിവയും രണ്ടാം ദിവസം വൈഷ്ണവ്, ശ്രേയ ജയദീപ് എന്നിവരുടെ ‘ഗീത് മൽഹാർ’, മലയാളികളുടെ പ്രിയങ്കരരായ ഷാൻ റഹ്മാൻ, സിതാര, വിധു പ്രതാപ്, സച്ചിൻ വാര്യർ, മിഥുൻ ജയരാജ്, നിരഞ്ജ് സുരേഷ്, സയനോര ഫിലിപ്പ് എന്നിവർ നയിച്ച ‘ഉയിരേ ബാൻഡ്’ തുടങ്ങിയവയുടെയും സംഗീതപ്പെരുമഴ കലാസ്വാദകർ നന്നായി ആസ്വദിച്ചു. നിറഞ്ഞ സദസ്സിൽ മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് ‘ഹലാ ജിദ്ദ രണ്ടാം സീസൺ 2025’ പ്രഖ്യാപിച്ചത് ഹർഷാരവത്തോടെയാണ് സദസ്സ് വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.