മീഡിയവൺ ഹലാ ജിദ്ദ കാർണിവൽ; പൂർണ പിന്തുണയുമായി പ്രവാസി സമൂഹം
text_fieldsജിദ്ദ: മീഡിയവൺ ചാനൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ ജിദ്ദയിലൊരുക്കുന്ന ഇന്ത്യൻ കാർണിവലായ ‘ഹലാ ജിദ്ദ’യെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജിദ്ദയിലെ പൊതുസമൂഹം. കഴിഞ്ഞ ദിവസം ജിദ്ദയിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും ഭാരവാഹികൾ, കലാ, സാംസ്കാരിക, സാമൂഹിക പ്രവർത്തകർ ഒരുമിച്ചുകൂടിയ യോഗത്തിൽ അവതരിപ്പിച്ച ‘ഹലാ ജിദ്ദ’ പരിപാടികളെ ഹർഷാരവത്തോടെയാണ് സദസ്സ് വരവേറ്റത്.
കാർണിവലിന് എല്ലാവരും പൂർണപിന്തുണ വാഗ്ദാനം ചെയ്തു. ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്തു. മീഡിയവൺ കൊണ്ടുവരുന്ന ഏത് പരിപാടികളും വളരെ ആകർഷകവും ഏവർക്കും സ്വീകാര്യമായതുമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മീഡിയവൺ ചാനലിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രയത്നങ്ങളിലൂടെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാനും വിജയിപ്പിക്കാനും അവർക്കാവുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും അകമഴിഞ്ഞ പിന്തുണ എല്ലാകാലത്തും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി വെസ്റ്റേൺ പ്രോവിൻസ് രക്ഷാധികാരി ഫസൽ പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. മീഡിയവൺ ജനറൽ മാനേജർ പി.ബി.എം. ഫർമീസ് ‘ഹലാ ജിദ്ദ’ കാർണിവലിനെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തി. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. മീഡിയവൺ മിഡിലീസ്റ്റ് ബിസിനസ് മാനേജർ സ്വവാബ് അലി സന്നിഹിതനായിരുന്നു.
സലീം മുല്ലവീട്ടിൽ, എം. സിറാജ്, സലാഹ് കാരാടൻ, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കൽ, നാസർ വെളിയംകോട്, എ.എം. അബ്ദുല്ലകുട്ടി, നസീർ വാവക്കുഞ്ഞ്, ബഷീർ വള്ളിക്കുന്ന്, കബീർ കൊണ്ടോട്ടി, ബേബി നീലാമ്പ്ര, മിർസ ശരീഫ്, ഉണ്ണി തെക്കേടത്ത്, ഡോ. വിനീത പിള്ള എന്നിവർ സംസാരിച്ചു. മീഡിയവൺ വെസ്റ്റേൺ റീജ്യൻ കോഓഡിനേറ്റർ ബഷീർ ചുള്ളിയൻ സ്വാഗതവും ഹലാ ജിദ്ദ കാർണിവൽ ഓർഗനൈസിങ് കമ്മിറ്റി കൺവീനർ കെ.കെ. നിസാർ നന്ദിയും പറഞ്ഞു. എക്സ്പോ, വിദ്യാഭ്യാസം, വിനോദം, വിജ്ഞാനം, കല, ഭക്ഷ്യമേള, ബിസിനസ് എന്നിവയെല്ലാം ഒരുമിച്ചുകൂടുന്ന രണ്ട് ദിവസത്തെ കാർണിവലിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ വിവിധ സ്ഥാപനങ്ങൾ വഴിയും വ്യക്തികൾ മുഖേനയും വിൽപന പുരോഗമിക്കുന്നു. കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന വിവിധ മത്സരങ്ങളിലേക്കുള്ള സൗജന്യ രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു. മത്സരങ്ങളെക്കുറിച്ചുള്ള പൂർണവിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും https://halajeddah.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ആദ്യം പേര് നൽകുന്നവർക്ക് മുൻഗണന എന്ന രീതിയിലായിരിക്കും രജിസ്ട്രേഷൻ. നിശ്ചിത എൻട്രികൾ ലഭിച്ചുകഴിഞ്ഞാൽ രജിസ്ട്രേഷൻ അവസാനിപ്പിക്കുമെന്നും മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0564060115 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഹലാ ജിദ്ദ ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.