മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ്; ജിദ്ദയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
text_fieldsജിദ്ദ: വിവിധ സ്കൂളുകളിൽനിന്ന് 10, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇന്ത്യൻ വിദ്യാർഥികളെ ജിദ്ദയിൽ മീഡിയവൺ ആദരിച്ചു. ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ എന്ന പേരിൽ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാരദാന ചടങ്ങ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോമേഴ്സ്, പ്രസ് ഇന്‍ഫര്‍മേഷന്‍ ആൻഡ് കള്‍ചര്‍ കോണ്‍സല്‍ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. മക്ക ഉമ്മുൽ ഖുറാ സർവകലാശാല പ്രഫസറും ഗവേഷകയുമായ ഡോ. ഗദീർ തലാൽ മലൈബാരി, ജിദ്ദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇംറാൻ എന്നിവർ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. നൂറോളം വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്. മീഡിയവൺ പുരസ്കാരം നേടാനായതിൽ വിദ്യാർഥികളും രക്ഷിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. മികച്ച വിജയം നേടിയ ജിദ്ദയിലെ വിവിധ സ്കൂളുകളുടെ മേധാവിമാരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
അതിഥികളായെത്തിയ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി, മീം സൂപ്പർ മാർക്കറ്റ് ഓപറേഷൻ മാനേജർ ജിഷിൻ രാജ്, മാസ്കോ സൗദി കമ്പനി ജനറൽ മാനേജർ അനീസ് അലി, ഗൾഫ് എയർ വെസ്റ്റേൺ റീജനൽ സെയിൽസ് മാനേജർ ഷനോജ് അലി തുടങ്ങിയവരും വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഫീ ജിദ്ദ ബ്രാഞ്ച് മാനേജർ ഷബീബ് മുഹമ്മദ് ഷരീഫ്, എം.ആർ.എ ഗ്രൂപ് എം.ഡി നിഷാം, ഗയാൽ അഡ്വർട്ടൈസിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫസൽ റഹ്മാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അഥിതികളായെത്തിയ കോൺസൽ മുഹമ്മദ് ഹാഷിമിന് മീഡിയവൺ സൗദി രക്ഷാധികാരി നജ്മുദ്ദീൻ അമ്പലങ്ങാടനും ഡോ. ഖദീർ തലാൽ മലൈബാരിക്ക് മീഡിയവൺ പ്രൊവിൻസ് രക്ഷാധികാരി ഫസൽ മുഹമ്മദും ഉപഹാരങ്ങൾ കൈമാറി. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. മീഡിയവൺ പ്രൊവിൻസ് രക്ഷാധികാരി ഫസൽ മുഹമ്മദ് സ്വാഗതവും മീഡിയവൺ വെസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ ബഷീർ ചുള്ളിയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.