മീഡിയവൺ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ സൗദിയിൽ; പുരസ്കാര വിതരണത്തിന് ജിദ്ദയിൽ തുടക്കം
text_fieldsജിദ്ദയിൽ ‘മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ അവാർഡ് നൽകി ആദരിച്ച വിദ്യാർഥികൾ അതിഥികളോടൊപ്പം
ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ 10, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കാനായി മീഡിയവൺ ചാനൽ ഏർപ്പെടുത്തിയ ‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ അവാർഡ് വിതരണത്തിന് സൗദിയിലും തുടക്കമായി. യു.എ.ഇക്ക് പിന്നാലെ സൗദിയിലെ പുരസ്കാര വിതരണത്തിെൻറ തുടക്കം ജിദ്ദയിൽ നടന്നു.
സൗദി പടിഞ്ഞാറൻ മേഖലയിൽ രജിസ്റ്റർചെയ്ത സി.ബി.എസ്.ഇ, കേരള സ്റ്റേറ്റ്, ഐ.സി.ഐ.സി സിലബസുകളിലെ 100ലധികം വിദ്യാർഥികളെയാണ് ജിദ്ദ ഹാബിറ്റാറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചത്.
പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമടക്കം അഞ്ഞൂറിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളെ വിജയവഴിയിലൂടെ നടത്താനുതകുന്ന മികച്ച പ്രോത്സാഹനമാണ് മീഡിയവൺ ഒരുക്കിയ ഗൾഫ് ടോപ്പേഴ്സ് പുരസ്കാരമെന്നും വരുംവർഷങ്ങളിലും പദ്ധതി തുടരണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ ഇഫാത് സർവകലാശാല ഡീൻ ഡോ. റീം അൽമദനി മുഖ്യാതിഥിയായി.
ചടങ്ങ് ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്യുന്നു
ക്ലസ്റ്റർ അറേബ്യ സി.ഇ.ഒ അബ്ദുറഹീം പട്ടർകടവൻ, ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, അൽഹാസ്മി കമ്പനി പ്രതിനിധി അബ്ദുൽ ഗഫൂർ, മീഡിയവൺ-മാധ്യമം സൗദി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, പടിഞ്ഞാറൻ മേഖല രക്ഷാധികാരി എ. നജ്മുദ്ദീൻ, കൺവീനർ സി.എച്ച്. ബഷീർ, മീഡിയവൺ റീജനൽ മാനേജർ ഹസനുൽ ബന്ന, സ്പെഷൽ കറസ്പോണ്ടൻറ് അഫ്താബുറഹ്മാൻ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പ്രായോജകരായ അൽഹാസ്മി കമ്പനി, ബദർ അൽതമാം പോളിക്ലിനിക്, ഹാബിറ്റാറ്റ് ഹോട്ടൽ, ഖയാൽ അഡ്വർടൈസിങ് ആൻഡ് പ്രിൻറിങ് എന്നിവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. പുരസ്കൃതരായ വിദ്യാർഥികൾ പഠിക്കുന്ന വിവിധ സ്കൂളുകളുടെ മേധാവിമാരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാം കൺവീനർ ഇസ്മാഈൽ കല്ലായി നന്ദി പറഞ്ഞു. ബാസിൽ ബഷീർ, ഡോ. റഷ നസീഹ് എന്നിവർ അവതാരകരായിരുന്നു.
റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാര വിതരണം ഈ മാസം നടക്കും. ഇതിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. mabrooksaudi.mediaoneonline.com സന്ദർശിച്ച് റിയാദ്, ദമ്മാം പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് 0544720943 എന്ന നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.