മീഡിയവൺ മലർവാടി, ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ വെസ്റ്റേൺ പ്രൊവിൻസിൽ വിജ്ഞാനോത്സവ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsജിദ്ദ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവ മത്സരത്തിന്റെ സൗദി വെസ്റ്റേൺ പ്രൊവിൻസ് രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളെയും കൗമാരക്കാരെയും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്താനുള്ള പുതിയ വാതായനമാണ് മീഡിയവൺ ലിറ്റിൽ സ്കോളർ ഒരുക്കുന്നതെന്നും പദ്ധതിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊവിൻസ് രക്ഷാധികാരി നജുമുദ്ദീൻ അമ്പലങ്ങാടൻ അധ്യക്ഷത വഹിച്ചു.
ദൗഹത്ത് അൽ ഉലൂം സ്കൂൾ പ്രിൻസിപ്പൽ വഫ സലീം, ന്യൂ അൽ വുറൂദ് സ്കൂൾ പ്രിൻസിപ്പൽ സുനിൽ, ഇസ്പാഫ് ജനറൽ സെക്രട്ടറി എൻജിനീയർ മുഹമ്മദ് കുഞ്ഞി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വെസ്റ്റേൺ പ്രൊവിൻസ് കർമസമിതി കൺവീനർ ഇ.കെ നൗഷാദ് മത്സരങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി കോഓഡിനേറ്റർ സി.എച്ച്. ബഷീർ, എം.പി. അഷ്റഫ്, സഫറുള്ള മുല്ലോളി, എം.വി. അബ്ദുൽ റസാഖ് മാസ്റ്റർ, ബഷീർ ചുള്ളിയൻ, റഷീദ് കടവത്തൂർ തുടങ്ങിയവർ പങ്കെടുത്തു. ഗ്ലോബൽ തലത്തിൽ നടക്കുന്ന വിജ്ഞാനോത്സവ മത്സരത്തിൽ സൗദി വെസ്റ്റേൺ പ്രോവിൻസ് പരിധിയിൽ ജിദ്ദ, യാംബു, ത്വാഇഫ്, അസീർ, മക്ക, തബൂക്ക് തുടങ്ങിയ നഗരങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും.
മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മലയാളികളായ വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികൾ സബ് ജൂനിയർ, ആറ് മുതൽ എട്ട് വരെ ജൂനിയർ, ഒമ്പത് മുതൽ പന്ത്രണ്ട് വരെ സീനിയർ എന്നിങ്ങനെ കാറ്റഗറികളിലായിരിക്കും മത്സരം. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന മത്സരങ്ങളിലെ ആദ്യ മത്സരം ഡിസംബർ രണ്ടിന് നടക്കും. ഉന്നത വിജയം നേടുന്നവർക്ക് അവസാന ഘട്ടമായ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരമുണ്ടാവും. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവർക്ക് മെഡലുകളും സമ്മാനിക്കും. ഗ്രാൻഡ് ഫിനാലെയിലെ വിജയികൾക്ക് ഐമാക്, ലാപ്ടോപ്, സ്പോർട്സ് സൈക്കിൾ, ക്വിന്റൽ, സ്മാർട്ട് വാച്ച് തുടങ്ങി 12 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ഗ്രാൻഡ് ഫിനാലെ മീഡിയവൺ ചാനൽ സംപ്രേഷണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ https://littlescholar.mediaoneonline.com എന്ന ലിങ്ക് വഴി നവംബർ 20ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.