മീഡിയവൺ സൂപ്പർകപ്പ് ഫുട്ബാൾ; കളിയിലെ താരങ്ങൾക്ക് വ്യക്തിഗത പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsറിയാദ്: റിയാദ് ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബാളിന് തിരശ്ശീല വീണപ്പോൾ കളിയിലെ മിന്നും താരങ്ങളായി അഞ്ചുപേർ.
മികച്ച ഗോൾ കീപ്പർ ഷാഫി
ബാറിന് കീഴിൽ മുഹമ്മദ് ഷാഫി നിൽക്കുമ്പോൾ യൂത്ത് ഇന്ത്യൻ പ്രതിരോധനിരക്ക് ഒരു ധൈര്യമാണ്, അത്രവേഗമൊന്നും തങ്ങളുടെ വലയം ഭേദിക്കാനാവില്ലെന്ന്. ആറടി പൊക്കവും നല്ല കായികശേഷിയുമുള്ള ഈ യുവാവ് ടീമിന്റെ ശക്തിദുർഗമാണ്. എതിരാളികളുടെ ഏത് ഷോട്ടുകളെയും കൃത്യമായി മനസ്സിലാക്കാനും കരവലയത്തിലൊതുക്കാനും ഈ കീപ്പർക്ക് അസാമാന്യമായ കഴിവുണ്ട്. രണ്ട് വർഷമായി യൂത്ത് ഇന്ത്യയുടെ ഗോൾ വലയം സംരക്ഷിക്കുന്ന മുഹമ്മദ് ഷാഫി മഞ്ചേരി തിരുവാലി സ്വദേശിയാണ്. ജീപാസിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിൽ ബൈസ് പെരുമ്പാവൂരിന്റെ കളിക്കാരനായിരുന്നു. റിയാദിലെ കഴിഞ്ഞ നാല് ടൂർണമെൻറുകളിലെ മികച്ച ഗോൾ കീപ്പർ കൂടിയാണ് ‘പെനാൽട്ടി വിദഗ്ധൻ’ കൂടിയായ ഷാഫി.
ഹംസ മികച്ച ഗോളിന്റെ ഉടമ
ഒരു വർഷമായി റിയൽ കേരളയുടെ ബൂട്ടണിയുന്ന ഹംസ മികച്ചൊരു ഫുട്ബാളറും മുൻനിര പോരാട്ടക്കാരനുമാണ്. ടൂർണമെന്റിലുടനീളം നിറഞ്ഞുകളിച്ച ഹംസ നിരവധി ഗോളുകൾ ഇതിനകം ക്ലബിന് വേണ്ടി നേടിയിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ റിയാദ് ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ മിന്നുന്ന ഗോളാണ് ഹംസയെ സൂപ്പർ കപ്പിലെ മികച്ച ഗോളിന്റെ ഉടമയാക്കിയത്.
വേഗതയും പന്തടക്കവുമുള്ള ഈ ഫോർവേഡ് പ്ലെയർ നാട്ടിൽ സൂപ്പർ സ്റ്റുഡിയോ താരമായിരുന്നു. മലപ്പുറം തിരൂർക്കാട് സ്വദേശിയായ ഹംസ റിയാദ് കെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കളിയുടെ വശ്യത കൊണ്ടും മനോഹാരിത കൊണ്ടും ടൂർണമെൻറിലെ ശ്രദ്ധിക്കപ്പെട്ട കളിക്കാരിലൊരാണ് ഹംസ.
മികച്ച കളിക്കാരനായി തസ്ലീം
വേഗത കൊണ്ടും വെട്ടിത്തിരിഞ്ഞു ഷോട്ടുതിർക്കാനുള്ള കഴിവുകൊണ്ടും കാണികളുടെ ഹൃദയം കീഴടക്കിയാണ് തസ്ലീം ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മിടുക്കോടെ പന്ത് നിയന്ത്രിക്കാനും കൃത്യമായ പാസുകൾ നൽകാനും തന്ത്രപ്രധാനമായ കളികൾ നടത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന തസ്ലീം നയനമനോഹര നീക്കങ്ങളിലൂടെ എതിരാളികളുടെ പ്രതിരോധ വലയം ഭേദിച്ചു. ഷോട്ടുകൾ ഉതിർക്കുന്ന വേഗതയിൽ തന്നെ ടീമിനുവേണ്ടി പ്രതിരോധം തീർക്കാനും തിരികെയെത്തും. ടൂർണമെന്റിൽ വിലയേറിയ മൂന്നു ഗോളുകൾ സ്കോർ ചെയ്ത് ടീമിനെ ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരമാണ്. നിലമ്പൂർ കാരപ്പുറം സ്വദേശിയായ തസ്ലീം റിയാദിൽ പ്രവാസി സോക്കറിനായി ബൂട്ടുകെട്ടുന്നതിനു മുമ്പ് നാട്ടിൽ കെ.പി.എൽ ലൂക്ക സോക്കർ അക്കാദമിയുടെ താരമായിരുന്നു.
ടോപ് സ്കോററായി ശഫാഹത്തുല്ല
നാലു മത്സരങ്ങളിൽനിന്ന് എണ്ണം പറഞ്ഞ അഞ്ചു ഗോളുകളുമായാണ് ശഫാഹത്തുല്ല ടൂർണമെന്റിലെ ടോപ് സ്കോററായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ മത്സരത്തിൽ തുടർച്ചയായ രണ്ടു മനോഹര ഗോളുകൾ നേടി ടീമിനെ അനായാസ ജയത്തിലെത്തിച്ചാണ് മുന്ന എന്ന വിളിപ്പേരുള്ള ശഫാഹത്തുല്ല തന്റെ വരവറിയിച്ചത്.
പിന്നീട് ക്വാർട്ടറിൽ ഒരു ഗോളും സെമി ഫൈനലിൽ രണ്ടു ഗോളും നേടി തെൻറ ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി. വർഷങ്ങളായി പ്രവാസി സോക്കറിന് വേണ്ടി കളിക്കുന്ന ശഫാഹത്തുല്ല റിയാദിലെ നജൂമൽ വഹ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്.
യുവപ്രതിരോധമായി റിംഷാദ്
യൂത്ത് ഇന്ത്യയുടെ ഈ യുവതാരം പ്രതിരോധത്തിലും അറ്റാക്കിങ്ങിലും കാണിച്ച കരുത്താണ് മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വർഷമായി ക്ലബിൽ കളിക്കുന്ന ഇദ്ദേഹം മോഡേൺ സർക്യൂട്ട് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഫൈനൽ വരെയുള്ള ടീമിന്റെ മുന്നേറ്റത്തിൽ നിർണായകപങ്കാണ് റിംഷാദ് നിർവഹിച്ചത്. മലപ്പുറം അരിമ്പ്ര സ്വദേശിയാണ് റിംഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.